‘കോലിയും ബുമ്രയുമല്ല, ഇന്ത്യൻ ടീമിൽ ശരിക്കും ഭയക്കേണ്ടത് ആ താരത്തെ’; തുറന്നു പറഞ്ഞ് ഓസീസ് ഇതിഹാസം

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കമാകുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ മുന്നിലാണ്. അഡ്‌ലെ്ഡിലെ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ വിജയത്തിനൊപ്പം കഴിഞ്ഞ പരമ്പരയില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ നാണക്കേട് മായ്ക്കുക എന്നത് കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്.

ആദ്യ ടെസ്റ്റില്‍ സെഞ്ചുറികളുമായി തിളങ്ങി യശസ്വി ജയ്സ്വാളും വിരാട് കോലിയും വിക്കറ്റ് വേട്ട നടത്തിയ ജസ്പ്രീത് ബുമ്രയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ തന്നെ ഭയപ്പെടുത്തുന്ന ഇന്ത്യൻ കളിക്കാരന്‍ ഇവരാരുമല്ലെന്ന് തുറന്നു പറയുകയാണ് ക്രിക്ബ്ലോഗ് .നെററിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഓസട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍.

ചാമ്പ്യൻസ് ട്രോഫി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ പാകിസ്ഥാനിലേക്കില്ല, മത്സരം ഹൈബ്രിഡ് മോഡലില്‍

റിഷഭ് പന്താണ് എന്നെ ഭയപ്പെടുത്തുന്ന ഇന്ത്യൻ താരം. കാരണം, കഴിഞ്ഞ പരമ്പരയില്‍ സിഡ്നിയില്‍ ഞങ്ങളത് കണ്ടതാണ്, അവന് ഒറ്റക്ക് കളിയുടെ ഗതി മാറ്റാന്‍ കഴിയും. ഏഴാം നമ്പറിലിറങ്ങുന്ന അവന്‍ അതിവേഗം സ്കോര്‍ ചെയ്യും. അവന്‍റെ വിക്കറ്റ് കീപ്പിംഗും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വലിയൊരു അപകടത്തിനുശേഷം അവന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തി എന്നത് സന്തോഷം പകരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഈ പരമ്പരയില്‍ ഞാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കളിക്കാരന്‍ റിഷബ് പന്താണ്-ബോര്‍ഡര്‍ പറഞ്ഞു.

മത്സരം കാണാൻ പുലർച്ചെ എഴുന്നേല്‍ക്കേണ്ട; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്ന സമയം, കാണാനുള്ള വഴികൾ

പരമ്പരയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും ബോര്‍ഡര്‍ പറഞ്ഞു. അവന്‍ മുമ്പും ഓസ്ട്രേലിയയില്‍ മികവ് കാട്ടിയിട്ടുണ്ട്. ചില ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഇന്ത്യക്ക് മാനസികാധിപത്യം ലഭിക്കുന്നത് അവന്‍റെ സാന്നിധ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ ബുമ്ര മികവ് കാട്ടിയില്ലെങ്കില്‍ പരമ്പരയുടെ ഗതി ഓസ്ട്രേലിയക്ക് അനുകൂലമാകുമെന്നും ബോര്‍ഡര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin