ഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്തേക്ക് വീണ്ടും ‘ഡൽഹി ചലോ’ കാൽനട മാർച്ച് ആരംഭിച്ച് കർഷകർ.
നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം.
ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കര്‍ഷകരെ നേരിടാന്‍ ആവശ്യമായ സേനയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ അധിക സേനയെ വിന്യസിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകള്‍ അംബാല ജില്ലാ ഭരണകൂടം നിരോധിച്ചു.
കര്‍ഷകര്‍ ട്രാക്ടറുകള്‍ ഇല്ലാതെ കാല്‍നടയായി മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദേര്‍ പറഞ്ഞു. നൂറോളം കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ എട്ട് മാസമായി ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്. ഞങ്ങളുടെ ട്രാക്ടറുകള്‍ പരിഷ്‌ക്കരിച്ചെന്ന ആരോപണത്തിന് മറുപടിയായി, കാല്‍നടയായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു, പാന്ദേര്‍ പറഞ്ഞു.
കര്‍ഷക പ്രസ്ഥാനത്തിന് ഖാപ് പഞ്ചായത്തുകളില്‍ നിന്നും വ്യാപാരി സമൂഹത്തിലെ അംഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.