ഇത്രയും ബോധമില്ലാത്ത മനുഷ്യരോ; കാറിന്റെ മുകളില്‍ നായകൾ, രോഷമുയർത്തി വീഡിയോ 

വളരെ അശ്രദ്ധവും അപക്വവുമായ കാര്യങ്ങൾ ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് കൂടി അപകടങ്ങൾ വരുത്തി വയ്ക്കുന്ന മനുഷ്യരുണ്ട്. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള അനേകം ആളുകളെ നമ്മൾ കണ്ടുകാണും. അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ രോഷമേറ്റു വാങ്ങുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം ഈ വീഡിയോ പകർത്തിയിരിക്കുന്നത് ബെം​ഗളൂരുവിൽ നിന്നാണ്. Karnataka Portfolio എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരാൾ തിരക്കേറിയ റോഡിലൂടെ കാറോടിച്ച് പോകുന്നതാണ്. അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാൽ ആ കാറിന് മുകളിലായി മൂന്ന് നായകളും ഇരിക്കുന്നുണ്ട് എന്നതാണ്. വീഡിയോ പകർത്തിയിരിക്കുന്ന ആൾ കാറിലിരുന്നയാളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ തിരികെ ദേഷ്യപ്പെടുകയാണ് ചെയ്തത്. 

ആദ്യമായിട്ടല്ല ന​ഗരത്തിൽ ഇവർ ഇങ്ങനെ അശ്രദ്ധയോടെ പെരുമാറുന്നത്. കല്ല്യാൺ ന​ഗറിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലായി അപകടകരമായി നായകളെ ഇങ്ങനെ ഇരുത്തുന്നത് അവയിൽ ഭയവും ബുദ്ധിമുട്ടും ഉണ്ടാക്കി. പൊതുജനങ്ങളിലും ഇത് ഭയമുണ്ടാക്കുന്നു. ഇത്തരം അശ്രദ്ധമായ പ്രവൃത്തികൾ മനുഷ്യർക്കും അതുപോലെ ആ മൃ​ഗങ്ങൾക്കും അപകടമുണ്ടാക്കുന്നതാണ്. 

ഈ അവഗണന മനുഷ്യത്വരഹിതം മാത്രമല്ല, ട്രാഫിക് നിയമങ്ങളുടെയും മൃഗങ്ങളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണ്. ഇതിലെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ കാണുന്നത് തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന് മുകളിലിരിക്കുന്ന നായകളെയാണ്. അവ ഭയന്നിട്ടുണ്ട് എന്ന് വീഡിയോയിൽ നിന്നുതന്നെ മനസിലാവും. വൈറലായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇത് ചെയ്തവർക്കെതിരെ നടപടിയെടുക്കണം എന്നാണ് മിക്കവരും കമന്റ് നൽകിയത്. 

ലക്ഷങ്ങൾ കണ്ട വീഡിയോ; ക്ഷണിക്കപ്പെടാത്ത ‘അതിഥി’ പറന്നിറങ്ങി, മുഖ്യാതിഥിയടക്കം ജീവനുവേണ്ടി പരക്കംപാഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin