തിരുവനന്തപുരം; തിരുവനന്തപുരം കിംസ ്ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായത് രണ്ട് ജീവനുകള്‍. 26 ആഴ്ച ഗര്‍ഭിണിയായിരിക്കെ ബൈക്ക് അപകടത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന യുവതിയില്‍ നടത്തിയ ഒന്നിലധികം ശസ്ത്രക്രിയകള്‍ വിജയകരം. നവജാതശിശുവും അമ്മയും സുഖം പ്രാപിക്കുന്നു. 
തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ ഒന്നിലധികം വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് നവജാതശിശുവിന്റെയും യുവതിയുടെയും ആരോഗ്യനില വീണ്ടെടുക്കാനായത്.
ആന്തരിക രക്തസ്രാവം, തകര്‍ന്ന ഡയഫ്രം, ഉദരാന്തര്‍ ഭാഗത്തുള്ള പരിക്കുകള്‍, പ്ലീഹ ഗ്രന്ഥിയിലെ മുറിവ്, നെഞ്ചിലേക്കുള്ള രക്തസ്രാവം എന്നിങ്ങനെ ഒന്നിലധികം അവയവങ്ങളിലെ ഗുരുതര പരിക്കുകളോടെയാണ് 26-കാരിയെ കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. 
കൂടാതെ പൊക്കിള്‍ക്കൊടി ഗര്‍ഭാശയത്തില്‍ നിന്ന് വേര്‍പെട്ട നിലയിലുമായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നത് മനസ്സിലാക്കി അടിയന്തര സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. 
850 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ വിദഗ്ധ പരിചരണങ്ങള്‍ക്കായി നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (എന്‍ഐസിയു) മാറ്റി. സിസേറിയന് ശേഷം മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് ശസ്ത്രക്രിയയകള്‍ക്ക് യുവതിയേയും വിധേയമാക്കി.
 അതുവഴി ആന്തരികാവയവങ്ങളിലെ രക്തസ്രാവം നിയന്ത്രിക്കുകയും, ഡയഫ്രം, ഉദരാന്തര്‍ഭാഗം, പ്ലീഹ എന്നിവയിലുണ്ടായ പരിക്കുകള്‍ പരിഹരിക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു, തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞ് പൂര്‍ണ്ണാരോഗ്യം പ്രാപിച്ചു വരുന്നു. 
ശസ്ത്രക്രിയ അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അമ്മയും കുഞ്ഞും പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ആന്‍ഡ് മിനിമല്‍ ഇന്‍വേസീവ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രൊഫസറുമായ ഡോ. സനൂപ് കോശി സക്കറിയ പറഞ്ഞു. 
വലിയ അളവിലുള്ള രക്തനഷ്ടമുണ്ടായെങ്കിലും ശ്രദ്ധാപൂര്‍വ്വമുള്ള ചികിത്സയിലൂടെ അമ്മയേയും ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന കുഞ്ഞിനെയും രക്ഷിക്കുവാന്‍ സാധിച്ചു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഒബ്സ്ട്രിക്സ് & ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗീത പി, ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഗ്യാസ്ട്രോ ഇന്റസ്റ്റിനല്‍ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ക്ലിനിക്കല്‍ ഡയറക്ടറും കോര്‍ഡിനേറ്ററുമായ ഡോ. ദീപക് വി, ജനറല്‍ ആന്‍ഡ് മിനിമല്‍ ഇന്‍വേസീവ് സര്‍ജറി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. നിഷ പ്രസന്നന്‍, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. നിമിഷ ജോയ്, ഡോ. പൂര്‍ണിമ കസ്തൂരി എന്നിവരും ചികിത്സയുടെ ഭാഗമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *