കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കായി കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. തെങ്കാശി, തിരുനല്‍വേലി എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോയമ്പത്തൂര്‍, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതർ പറയുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. ഇതു വര്‍ധിപ്പിക്കാന്‍ പുതിയ കൂടുതല്‍ സര്‍വീസുകളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, ചെന്നൈയിലേക്ക് ബസോടിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകാത്തത് വിമര്‍ശനം ഉണ്ടാക്കിയിരുന്നു.ശബരിമല സീസണില്‍ തമിഴ്‌നാട്ടിലേക്ക് 73 സര്‍വീസുകള്‍ വരെ നടത്താന്‍ അനുവാദമുള്ളപ്പോഴാണിത്.
തമിഴ്‌നാട്ടിലെ വിവിധ റൂട്ടുകളിലായി പ്രതിദിനം 73 സര്‍വീസുകള്‍ നടത്താനാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ധാരണ. ചെന്നൈയിലേക്കും മഹാബലിപുരത്തേക്കുമായി 16 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചത്. എന്നാല്‍, മണ്ഡലകാലത്തെ ആദ്യ രണ്ടാഴ്ച പിന്നിട്ടിട്ടും ബസ് ഓടിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
വരും നാളുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മണ്ഡലപൂജ, മകരവിളക്കിനോടനുബന്ധിച്ച തിരക്കുള്ള ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് സര്‍വീസുകള്‍ നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
യാത്രക്കാരില്ലെന്നതാണ് കാരണമായി പറഞ്ഞത്. എന്നാല്‍, മുന്‍കൂട്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചാലേ യാത്ര ആസൂത്രണം ചെയ്യാന്‍ കഴിയൂ എന്നാണ് ഭക്തരുടെ അഭിപ്രായം. വ്രതം ആരംഭിക്കുമ്പോള്‍ തന്നെ യാത്രയും നിശ്ചയിക്കുന്നതാണ് രീതി.
എസ്.ഇ.ടി.സിയുടെ പ്രത്യേക പമ്പ സര്‍വീസുകള്‍ കോയമ്പേട് സിഎംബിടി ബസ് സ്റ്റാന്‍ഡില്‍ നിന്നും കിലാമ്പാക്കം ബസ് ടെര്‍മിനസില്‍ നിന്നുമുണ്ട്.
പ്രതിദിനം 4 സര്‍വീസുകളാണുള്ളത്. അള്‍ട്രാ ഡീലക്‌സ്, നോണ്‍ എ.സി സ്ലീപ്പര്‍ ബസുകളുണ്ട്. 1190 രൂപയാണ് അള്‍ട്രാ ഡീലക്‌സിന് കിലാമ്പാക്കത്തു നിന്നുള്ള നിരക്ക്. നോണ്‍ എ.സി സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 1540 രൂപയാണ്.