ഡോ.ഭീംറാവു അംബദ്ക്കർ: മഹര്‍ ജാതിയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിലേക്കുള്ള വളർച്ച

ഡോ.ഭീംറാവു അംബദ്ക്കർ: മഹര്‍ ജാതിയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിലേക്കുള്ള വളർച്ച

1891 ഏപ്രിൽ 14 -ന് മദ്ധ്യപ്രദേശിലെ മോവ് ഗ്രാമത്തില്‍ (ഇന്ന് ഡോ.അംബേദ്ക്കർ നഗർ) അന്നത്തെ ബ്രീട്ടീഷ് പട്ടാള ക്യാമ്പിൽ രാംജി മാലോജി സക്പാൽ  എന്ന സുബേദാറുടെയും ഭീമാഭായി എന്ന വീട്ടമ്മയുടെയും 14 -മത്തെ മകനായി ദളിത് മഹർ കുടുംബത്തിൽ ഭീംറാവു റാംജി അംബേദ്ക്കർ ജനിച്ചു. ജാതീയത കൊടികുത്തി വാണ കോളോണിയൽ ഇന്ത്യയില്‍ നിന്നും 1956 ഡിസംബര്‍ 6 -ന് തന്‍റെ 65 -മത്തെ വയസില്‍ മരിക്കുമ്പോള്‍, ലോകം കണ്ട നിയമജ്ഞനും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന വിശേഷണത്തിനും ബാബാസാഹേബ് എന്ന വിളിപ്പേരിനും ഉടമയായി അദ്ദേഹം മാറിയിരുന്നു. ആറര പതിറ്റാണ്ട് നീണ്ട തന്‍റെ ജീവിതത്തിനിടെ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാജ്യത്തെ ദളിതരെന്നും ഹരിജനങ്ങളെന്നും അസ്പൃശ്യരായി കണക്കാക്കി, പൊതു മദ്ധ്യത്തിലും പൊതു ബോധത്തില്‍ നിന്ന് പോലും മാറ്റിനിര്‍ത്തിയിരുന്ന ജനതയുടെ സ്വത്വബോധത്തെ പുനഃസൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ബുദ്ധ മതത്തിലും. 

കുട്ടിക്കാലം മുതൽ തന്നെ ഉന്നത ജാതിക്കാരായ സഹപാഠികളാൽ നിരന്തരം അപമാനിക്കപ്പെട്ട ഒരു വിദ്യാർത്ഥിയായിരുന്നു ഭീംറാവു. കുട്ടിക്കാലത്തേ ഏറ്റുവാങ്ങേണ്ടി വന്ന ഈ അപമാനങ്ങളിൽ നിന്നാണ് അദ്ദേഹം പിന്നീട് ബാബാസാഹേബ് (ബഹുമാനപ്പെട്ട പിതാവ്) എന്ന വിളിപ്പേരിന് ഉടമയായതും. സഹപാഠികള്‍ നിരന്തരം ജാതീയധിക്ഷേപം തുടരുമ്പോൾ സ്വന്തം പഠനമികവ് കൊണ്ട് സ്കോളര്‍ഷിപ്പോടെ അദ്ദേഹത്തിന് പഠനം തുടരാന്‍ കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം. പിന്നാലെ നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയ ഭീംറാവു അക്കാലത്തെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരിൽ ഒരാളായി മാറി. ഒടുവില്‍ ഇന്ത്യയിലേക്ക് തിരികെ എത്തിയ ഡോ.അംബേദ്ക്കർ അന്നത്തെ വഡോദര ഭരണാധികാരിയായ ഗെയ്ക്വാറിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ബറോഡ പബ്ലിക് സർവീസിൽ പ്രവേശിച്ചു.

ഡോ.ഭീംറാവു അംബദ്ക്കർ: മഹര്‍ ജാതിയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിലേക്കുള്ള വളർച്ച

പക്ഷേ, അവിടെയും ഭീംറാവുവിനെ കാത്തിരുന്നത് സവർണ്ണ ജാതിബോധവും അധിക്ഷേപങ്ങളുമായിരുന്നു. ഭീംറാവുവിനൊപ്പം ജോലി ചെയ്യാന്‍ താത്പര്യ കുറവ് കാണിച്ച സവർണ്ണര്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ നടത്തിയ നിരന്തരമായ അധിക്ഷേപങ്ങള്‍, പിന്നീട് ലോകം കണ്ട നിയമജ്ഞനിലേക്കുള്ള അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. ജോലി രാജിവച്ച ഡോ.അംബേദ്ക്കർ നിയമപഠനത്തിലേക്കും അധ്യാപനത്തിലേക്കും തിരിഞ്ഞു. ഇന്ത്യന്‍ ജാതിബോധം മാറ്റി നിര്‍ത്തിയ ബഹുഭൂരിപക്ഷം ജനങ്ങളുടെ നേതാവായി ഡോ.അംബേദ്ക്കർ ഇതിനകം മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം ദളിത് ഉന്നമനത്തിനായി ഇതിനിടെ നിരവധി ജേണലുകൾ സ്ഥാപിക്കുകയും ബ്രീട്ടീഷ് കോളോണിയല്‍ സർക്കാരിൻ്റെ നിയമ നിർമ്മാണ സമിതികളിൽ ദളിതർക്ക് പ്രത്യേക പ്രാതിനിധ്യം നേടിയെടുക്കുകയും ചെയ്തു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയായി ജവര്‍ലാല്‍ നെഹ്റുവിന് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നില്ലെന്നത് അക്കാലമായപ്പോഴേക്കും ഡോ.ഭീംറാവു അംബേദ്ക്കറിനുണ്ടായ വളര്‍ച്ചയെ കൂടിയാണ് അടയാളപ്പെടുത്തിയത്. 1951 -ൽ സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ട് അദ്ദേഹം രാജിവയ്ക്കുമ്പോള്‍ അസ്പൃശ്യർക്കെതിരായ വിവേചനം നിയമ വിരുദ്ധമാക്കിക്കൊണ്ട്, ലോകം ഇന്നും മാനിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടിയില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പക്ഷേ, ഇത്രയും കാലം താന്‍ പറഞ്ഞതും പഠിപ്പിച്ചതും രാജ്യത്തെ ഹെന്ദവ സവർണ്ണബോധത്തെ തെല്ലും മാറ്റിയില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തെ മറ്റൊരു വിപ്ലവകരമായ തീരുമാനത്തിലേക്കാണ് എത്തിച്ചത്. 1956 ഒക്ടോബറിൽ, ഹൈന്ദവ വിശ്വാസത്തിലെ തൊട്ടുകൂടായ്മയെയും ജാതിഅടിസ്ഥാനമാക്കിയ മനുവാദത്തെയും നിഷേധിച്ച ഭീംറാവു അംബേദ്ക്കർ, നാഗ്പൂരില്‍ നടത്തിയ ഒരു ചടങ്ങിൽ വച്ച് 2,00,000 ലക്ഷം ദളിതര്‍ക്കൊപ്പം ഹൈന്ദവ മതം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. കോളോണിയല്‍ ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും കണ്ട ഏറ്റവും വലിയ മതപരിവര്‍ത്തനമായിരുന്നു അത്. ഇന്ത്യയുടെ 10 -മത്തെ രാഷ്ട്രപതിയായി  ദളിത് വിഭാഗത്തില്‍ നിന്നുള്ള കെ ആര്‍ നാരായണനും 14 -മത്തെ രാഷ്ട്രപതിയായി റാംനാഥ് കോവിന്ദും 15 -മത്തെ രാഷ്ട്രപതിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൌപതി മുർമുവിനെയും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യേണ്ടി വരുന്നതും ഡോ.ഭീംറാവും അംബേദ്ക്കർ എന്ന ബാബാസാഹേബിന്‍റെ പ്രവര്‍ത്തികളുടെ അനന്തര ഫലമാണെന്ന് കാണാം.
 

By admin