മലമ്പുഴ: വനിത ഐടിഐയിലെ വിദ്യാർത്ഥിനികളുടെ ക്ലാസ് സമയം പുതുക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ നടത്തുന്ന പ്രക്ഷോഭ സമരം തുടരുന്നു. രാവിലെ ഏഴരക്ക് ക്ലാസ് തുടങ്ങുന്നതും വൈകീട്ട് അഞ്ച് ഇരുപതിനു് ക്ലാസ് വിടുകയും ചെയ്യുമ്പോൾ വിദ്യാർത്ഥിനികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികൾക്ക് സമയത്തിന് ബസ്സ് ഉണ്ടായിരിക്കില്ല. രാവിലെഏഴു മണിക്ക് മുമ്പും വൈകീട്ട് ഏഴു മണിക്കൂശേഷവും ബസ്സിൽസിടി കിട്ടില്ല. മാത്രമല്ല വൈകീട്ട് പോകുമ്പോൾ ജോലിക്കാരും കൂലിപ്പണിക്കാരും ബസ്സിൽ നിറയുമ്പോൾ വിദ്യാർത്ഥിനികളെ കയറ്റാൻ ബസ് ജീവനക്കാർ മടിക്കുന്നു.
ഇതു മൂലം രാത്രി വളരെ വൈകിയാണ് വീട്ടിലെത്താൻ കഴിയുന്നതെന്നും ക്ഷീണം മൂലം പിന്നീട് പഠിക്കാൻ കഴിയുന്നില്ലെന്നും ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
പഴയ സമയക്രമം തന്നെ പാലിക്കണമെന്ന ആവശ്യവുമായിട്ടാണ് വിദ്യാർത്ഥിനികൾ കക്ഷി രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി പ്രതിഷേ സമരത്തിനിറങ്ങിയത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.