ഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഹാന്‍സും മറ്റുള്ളവരും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി, ഗുഡ്ഗാവ്, കൊല്‍ക്കത്ത, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലെ 13 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
ഹാന്‍സുമായി അടുത്ത ബന്ധമുള്ളവരുടെയും റിയല്‍ എസ്റ്റേറ്റ്, സേവന മേഖലകളിലെ ബിസിനസുകളുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് തിരച്ചില്‍ നടന്നത്.
ബീഹാര്‍ സര്‍ക്കാരിലെയും കേന്ദ്ര ഡെപ്യൂട്ടേഷനിലെയും നിയമന വേളയില്‍ അഴിമതിയിലൂടെ ഹാന്‍സ് അനധികൃത പണം സമ്പാദിച്ചതായി ഇഡി ആരോപിക്കുന്നു. ഈ ഫണ്ട് വെളുപ്പിക്കുന്നതില്‍ ഗുലാബ് യാദവ് ഉള്‍പ്പെടെയുള്ള കൂട്ടാളികള്‍ പങ്കുവഹിച്ചതായും ഏജന്‍സി അവകാശപ്പെടുന്നു.
ഹാന്‍സുമായി അടുത്ത ബന്ധമുള്ളയാളുടെ കുടുംബാംഗങ്ങളുടെ ഡിമാറ്റ് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ ഓഹരികളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കള്ളപ്പണം വെളുപ്പിക്കാനും മറച്ചുവെക്കാനും ഉപയോഗിച്ചതായി സംശയിക്കുന്ന 70 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇഡി കണ്ടെത്തി. റിയല്‍ എസ്റ്റേറ്റില്‍ 18 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന്റെ തെളിവുകളും പണമിടപാടുകളുടെ രേഖകളും ശേഖരിച്ചിട്ടുണ്ട്.
60 കോടി രൂപയുടെ ഓഹരികള്‍, 70 ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സ്, 16 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 23 ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.