സംഗീതത്തില്‍ വാഗ്ഗേയകാരന്മാരും വിദ്വാന്മാരുമൊക്കെ തൊണ്ടതുറന്നു പാടാനാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.നാഭിയില്‍ നിന്ന് പുറപ്പെടുന്ന നാദത്തെ യോഗശാസ്ത്രത്തില്‍ പറയുന്ന ഷഡാധാര ചക്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ സംഗീത പാരമ്പര്യം കണ്ടിരുന്നത്.
പ്രാണന് അഥവാ വായു മൂലാധാരം സ്വാധിഷ്ടാനം മണിപൂരകം അനാഹതം തുടങ്ങിയ ചക്രങ്ങളിലൂടെ പടിപടിയായി ഉയര്‍ന്ന് കണ്ഠനാളിയിലൂടെ പുറത്തെത്തണം. അങ്ങനെ ശരീരത്തില്‍ തൊണ്ടക്കുഴിയിലുള്ള വിശുദ്ധി ചക്രത്തിലൂടെ പ്രകമ്പിതമായി പ്രകടമാകുന്ന ശബ്ദം നാദോപാസന ആയി കൈവന്നാല്‍ പുരികങ്ങള്‍ക്കിടയിലെ ആജ്ഞാ ചക്രത്തിലും ശിരസിനു മുകളിലെ സഹസ്രാരപത്മത്തിലും വരെ സ്പന്ദനമായെത്തി യോഗിയില്‍ അമൃതവര്‍ഷമായി നിറയും എന്നതാണ് യോഗസങ്കല്പ്പം.
അഷ്ടൈശ്വര്യദായകമായ നാദയോഗം അതാണ്. ഇങ്ങനെയുള്ള സംഗീത സാധനയില്‍ മൂക്കു കൂടി കൃത്യമായിരിക്കേണ്ടതുണ്ട്. കഴുത്തിലെ വിശുദ്ധി ചക്രസ്ഥാനത്തിനും ഉപരി നിലയിലാണ് മൂക്കിരിക്കുന്നത്. അതും ശുദ്ധമായിരിക്കണം. അതേ സമയം ഗായകന് ശബ്ദത്തെ മൂക്കില്‍ ഊന്നിയാല്‍ തൊണ്ടയിലെ ശബ്ദം അനുനാസികം ആയിപ്പോകും. മൂക്കില്‍ അറിയാതെ കേന്ദ്രീകരിക്കരുത്.
മൂക്ക് അമര്‍ത്തും തോറും തൊണ്ടയിലെ ശബ്ദത്തിന് സൗന്ദര്യവും അതിന്റെ തനിമയും നഷ്ടപ്പെടും. മൂക്കടച്ചു മിണ്ടി നോക്കിയാലറിയാം കേള്‍ക്കുമ്പോള്‍ നമ്മുടെ വ്യക്തിത്വം തീര്‍ത്തും മറ്റൊന്നായി മാറ്റപ്പെടും. വികലമാകും അത്. അനുനാസികം എന്നാല്‍ മൂക്കില്‍ ശ്വാസം അറിഞ്ഞോ അറിയാതെയോ അല്പം ബ്ളോക്ക് ചെയ്ത് പാടുന്നതാണ്.
ഭാരതീയ സംഗീതത്തില്‍ വിശിഷ്യാ കര്‍ണ്ണാടക സംഗീതത്തില്‍ അതുകൊണ്ടു തന്നെ അത് വര്‍ജിക്കേണ്ട കാര്യമായാണ് പറയപ്പെടുന്നത്. മൂക്കിനു മേല്‍ ഊന്നല്‍ കൊടുത്തു പാടാതെ തുറന്നു പാടാന്‍ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നവര്‍ സാധാരണയായി ഓര്‍മിപ്പിക്കാറുണ്ട്. സംഗീതലക്ഷണ ശാസ്ത്രപ്രകാരം അനുനാസികം വിലക്ഷണതയാണ്. വലിയ ഗായകര്‍ തൊണ്ടതുറന്ന് അലറി പാടുകയായിരുന്നു. രാഗം പാടി വിസ്തരിക്കുമ്പോള്‍ അകാരം പാടുന്നതിലും തൊണ്ടതുറന്ന് വലിയ വായില്‍ പാടുന്നതാണ് രീതി.
എന്നാല്‍ സിനിമാ സംഗീതത്തില്‍ എത്തുമ്പോള്‍ പ്രത്യേക മൂഡുകള്‍ ക്രിയേറ്റു ചെയ്യാന്‍ വേണ്ടി, വേണ്ടി വന്നാല്‍ അനുനാസികം ചേരുന്നതില്‍ തെറ്റില്ല. എങ്കിലും ഒരു ഗായകന്റെ ശാരീരഭംഗി എന്നത് എപ്പോഴും തൊണ്ടയിലൂടെ വരുന്ന ശബ്ദം തന്നെയാണ്.
വേണുഗോപാല്‍ മുതല്‍ മധു ബാലകൃഷ്ണന് വരെയുള്ളവരുടെ ആലാപനം എപ്പോഴും അനുനാസികത്തിലുള്ളതാണ്. അവര്‍ അറിയാതെ തന്നെ അനുനാസിക പ്രയോഗം കൂടുതല്‍ വന്നു പോകുന്നതാകാം. എന്നാല്‍ അനുനാസികം ഗാനത്തിന്റെ സ്വഭാവവും വ്യക്തിത്വവും അനുസരിച്ച് അറിഞ്ഞു പ്രയോഗിക്കാന്‍ യേശുദാസിന് പ്രത്യേക മിടുക്കുണ്ട്.
സര്‍ഗം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഉദാഹരണമായെടുത്താല്‍ വിനീതിന്റെ കഥാപാത്രത്തിനു വേണ്ടി തൊണ്ടതുറന്ന് പാടുന്ന യേശുദാസ് നെടുമുടി വേണു പാടുന്നതെത്തുമ്പോള് ഇത്തിരി അനുനാസികം ചേര്‍ത്തു പാടുന്നതു കേള്‍ക്കാം.
വൃദ്ധ പിതാവിനു ചേര്‍ന്ന ഭാവം സൃഷ്ടിക്കാന്‍ അതിലൂടെ നന്നായി കഴിയുന്നുമുണ്ട്. എന്നാലും യേശുദാസിന്റെ ശബ്ദത്തനിമ എന്നത് തുറന്നു പാടുന്നതിലാണ്. താരസ്ഥായിയിലെത്തുമ്പൊഴും അനുനാസികമില്ലാതെ തുറന്നു പാടുന്നതാണ് മഹാഗായക ലക്ഷണം. അത്തരത്തില്‍ പാടുന്ന അപൂര്‍വ്വ ഗായകരെങ്കിലും ശാസ്ത്രീയ സംഗീതത്തില്‍ നമുക്കുണ്ടായിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.
യേശുദാസിനെ ഗുരുതുല്യ മാതൃകയായി എടുത്തതിലെ ഗുണമാകാം. മലയാളത്തില്‍ ഏറ്റവും നന്നായി തൊണ്ട തുറന്നു പാടാന്‍ കഴിവുള്ള ഗായകന് ഉണ്ണിമേനോന് ആണ്. 2020 ല്‍ ഇറങ്ങിയ കര്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന സിനിമയ്ക്കു വേണ്ടി ഉണ്ണിമേനോന് പാടിയ കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കേ കാലൊച്ച കേള്‍ക്കാതെ കാത്തിരിക്കേ…എന്ന ഗാനം കേട്ടു നോക്കിയാല്‍ ഇതറിയാം. തുറന്നു പാടുന്നത് പ്രത്യേക സംവേദനശക്തിയായി അനുഭവപ്പെടുന്നു. നാഭിയില്‍ നിന്നുയര്‍ന്ന് കളകണ്ഠം വിട്ടൊഴുകേണ്ട നാദം അതങ്ങനെത്തന്നെ ആകുന്നതാണ് ഭംഗി എന്ന് ഈ ഗാനം ഓര്‍മിപ്പിക്കുന്നു.
ജലദോഷത്തില്‍ മൂക്ക് അടയാറുണ്ട്. അപ്പോള്‍ പാടുന്നത് നല്ലതാകില്ല. അതിനുമപ്പുറം മൂക്ക് എളുപ്പം വൈകാരികത സ്വാധീനിക്കുന്ന ഇടമാണ്. നമുക്ക് ഫീല്‍ ചെയ്താല്‍ മൂക്ക് സ്രവങ്ങളെ ഉത്പാദിപ്പിക്കും. കൊഴുത്ത ശ്ലേഷ്മത്താല് മൂക്കടയും. അറിയാതെ അതു സംഭവിക്കും.
അവിടെയാണ് കാര്യം. അങ്ങനെയാണെങ്കില്‍ മൂക്ക് ഉപയോഗിച്ച് ഗായകന് വൈകാരികത പ്രകടമാക്കാനും കഴിയണം. ആയതിലുള്ള അന്വേഷണത്തിലും പരീക്ഷണത്തിലും പ്രകടനത്തിലുമാണ് സിനമയ്ക്കു വേണ്ടി പാടുന്ന ഒരു ഗായകന്റെ ശരിയായ കഴിവിരിക്കുന്നത്.
പാടുമ്പോള്‍ മൂക്ക് ഉപയോഗിക്കുന്നതിലെ മിടുക്ക്, അഥവാ അനുനാസികത്തിന്റെ പ്രയോഗ മികവ് ആണ് യഥാര്‍ത്ഥത്തില്‍ ഒരു പ്രൊഫഷണല്‍ ഗായകന്. ഓര്‍ക്കുക, മൂക്കില്‍ ബലം പ്രയോഗിച്ച് പാടി ശീലിച്ചിരിക്കുന്നത് അപ്പോഴും തെറ്റായ കാര്യം തന്നെയാണ്.
തുറന്നു പാടാന്‍ കഴിയുന്ന ഗായകനേ അനുനാസികത്തിന്റെ ശരിയായ ആവിഷ്കാരം സാധ്യമാകൂ.കൂടുതല്‍ ലൈവായ ശാസ്ത്രീയ സംഗീത കച്ചേരികളില്‍ കൃതികളുടെ അര്‍ത്ഥമറിഞ്ഞ് പാടുമ്പോള്‍ മിക്കതും ഭക്തിരസപ്രധാനങ്ങളായിരിക്കും. അവിടെ വൈകാരിക ബാധയാല്‍ ഗായകനു മൂക്കടഞ്ഞാല്‍ അത് തുടര്‍ന്നുള്ള അവതരണത്തിനു തടസ്സമാകും. മാത്രമല്ല തൊണ്ടയിലൂടെ പാടുന്നതിനിടയില്‍ മൂക്കിലൂടെ എടുക്കുന്ന ശ്വാസം വെച്ചു വേണം ഗായകന് വായു പുറത്തേക്കെടുത്തു പാടാന്‍. വൈകാരികതവന്ന് മൂക്കടഞ്ഞാല്‍ ആകെ പ്രയാസമാകും.
എപ്പോഴും തൊണ്ട തുറന്നു പാടുന്നതില്‍ കേന്ദ്രീകരിക്കാന്‍ ശാസ്ത്രീയ സംഗീതത്തില്‍ പഠിപ്പിക്കുന്നത് അതുകൊണ്ടെല്ലാമായിരിക്കാം. രണ്ടോ മൂന്നോ മണിക്കൂര്‍ തുടര്‍ച്ചയായി പാടി ഫലിപ്പിക്കേണ്ട മട്ടിലുള്ള ഒന്നായിരുന്നു ശാസ്ത്രീയ സംഗീത കച്ചേരിയുടെ പദ്ധതി.
രണ്ടും മൂന്നും മണിക്കൂര്‍ പാടേണ്ടി വരുന്ന ഗായകന് നാടകത്തിലെ അഭിനേതാവിനെ പോലെ തുടര്‍ച്ചയായി അരങ്ങില്‍ നില്‍ക്കേണ്ടതുണ്ടെങ്കില്‍ കുറഞ്ഞ സമയമുള്ള പാട്ടുകള്‍ പാടി ആലേഖനം ചെയ്യുന്ന ചലച്ചിത്ര ഗാനത്തിലെത്തുമ്പോള്‍ ഗായകന്റെ റോള്‍ മറ്റൊന്നാണ്.
ചെറിയ ചെറിയ പീസ് വര്‍ക്കാണത്. അപ്പപ്പോള്‍ ഗാനത്തിന്റെ മൂഡനുസരിച്ച് മാറണം. പ്രയുക്തകലയായ സിനിമാഗാനത്തില് കാര്യങ്ങള്‍ ഇത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. അനുനാസികത്തിന്റെ നിയന്ത്രിത പ്രയോഗമാണ് ഗാനങ്ങള്‍ക്ക് അവിടെ ഭാവസൗന്ദര്യവും വൈകാരിക വശ്യതയും ഏറ്റുക. യേശുദാസില്‍ ഈ ഗുണങ്ങള്‍ വന്നു ചേര്‍ന്നത് അനുനാസികം ചേര്‍ത്തും അല്ലാതെയും പാടുന്നതില്‍ വിദഗ്ധനായ മുഹമ്മദ് റാഫി സ്കൂളില്‍ നിന്നാണ്.
ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ വെച്ചു കൊണ്ട് ഉണ്ണിമേനോന്റെ പുതു വെള്ളൈ മഴൈ.. മഴനീര്‍ത്തുള്ളികള്‍…. എന്നീ ഗാനങ്ങള്‍ ഒന്നുകൂടി കേട്ടു നോക്കൂ. മഞ്ഞില്‍ നിന്നാണ് മഴയില്‍ നിന്നാണ് രണ്ടു ഗാനങ്ങളും പ്രണയാര്‍ദ്രതയോടെ പാടുന്നത്. ഗാനസന്ദര്‍ഭം ആവശ്യപ്പെടുന്ന മട്ടില്‍ വരികളിലെ ഫീല്‍ ഉള്‍ക്കൊണ്ടു കൊണ്ട് വളരെ നിയന്ത്രിതമായി ഒരു പൊടിക്ക് അനുനാസികം ചേര്‍ത്താണ് ഉണ്ണി പാടിയിട്ടുള്ളത് എന്നത് ഗാനത്തില്‍ എത്ര ഇമ്പം ചേര്‍ത്തിരിക്കുന്നു.
ഇനി ഉണ്ണിമേനോന്റെ പ്രതിഭ അനുനാസികം മാറ്റി വെച്ച് വീണ്ടും തൊണ്ടയിലൂടെ തുറന്നു പാടുന്നത് കേള്‍ക്കണോ കണ്ണുക്ക് മയ്യഴക് കേട്ടു നോക്കൂ. രതിപുഷ്പം പൂക്കുന്ന യാമം (ഭീഷ്മപര്‍വ്വം) ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ (സ്ഥിതി) എന്നിവയും കേട്ടുനോക്കാവുന്നതാണ്.
തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു… ചന്ദനക്കുറിയുമായ് വാ…. ധനുമാസക്കാറ്റേ വായോ…എന്നിങ്ങനെ ശ്യാംസാര്‍ ഗാനങ്ങള്‍ പലതും ഹിറ്റുകളായെങ്കിലും യേശുദാസ് എന്ന പ്രതിഭാസത്തിനു മുന്നില്‍ പിടിച്ചു നില്ക്കാന് അന്ന് പ്രയാസമായിരുന്നു.
കാളിയമര്‍ദ്ദനം എന്ന ചിത്രത്തില്‍ കെ ജെ ജോയ് ഈണം നല്കി ഉണ്ണി പാടിയ പ്രേമവതി നിന്‍വഴിയില്‍ … എന്ന ഗാനം അന്നുമിന്നും അറിയപ്പെടുന്നത് യേശുദാസിന്റെ പേരിലാണ്. വീണ്ടുമൊരു തിരിച്ചു വരവിനു കളമൊരുക്കിയ റോജയിലേക്ക് റഹ്മാന് വിളിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ കരിയര്‍ അന്നേ അവസാനിച്ചു പോകുമായിരുന്നു എന്നാണ് ഉണ്ണിമേനോന് തന്നെ പറയുന്നത്. അറുപത്തൊന്‍പതാം പിറന്നാളിലെത്തിയ നല്ല ഗായകന് ആശംസകള്‍ ??