തൊടുപുഴ: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി നാടിന് മാതൃകയായി യുവതി. തട്ടക്കുഴ കൊച്ചുകാളിയിക്കൽ ബിന്ദു ജിജിയാണ് റോഡിൽ കിടന്നു കിട്ടിയ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകിയത്.
തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജം​ഗ്ഷനിലുള്ള ​ഗായത്രി ഡിസൈൻസിലെ സ്റ്റാഫാണ് ബിന്ദു ജിജി. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ സമീപമുള്ള വെയിറ്റിം​ഗ് ഷെഡിലേക്ക് എത്തിയപ്പോഴാണ് സ്വർണാഭരണം അടങ്ങിയ കവർ ലഭിയ്ക്കുന്നത്. 
വീട്ടിലെത്തിയ ശേഷം അയൽവാസിയും മുതലക്കോടത്ത് ഓൾട്ടാസ് സർവ്വീസ് സെന്റർ നടത്തുന്ന മണ്ഡപത്തിൽ കണ്ണനും വീട്ടുകാരും ചേർന്ന് ചൊവ്വാഴ്ച രാവിലെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ സ്വർണാഭരണം ഏൽപ്പിക്കുകയായിരുന്നു. 
ഇതിനിടെ സ്വർണാഭരണം നഷ്ടപ്പെട്ട ബിന്ദു ജിജിയുടെ അയൽവാസിയും കാഞ്ഞിരമറ്റം ​ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനുമായ രാജേഷ് രവീന്ദ്രൻ തൊടുപുഴ പോലീസ് സ്റ്റേഷനിൽ മാല നഷ്ടപ്പെട്ടതു കാണിച്ച് പരാതി നൽകിയിരുന്നു. 
പോലീസ് ഉദ്യോ​ഗസ്ഥർ രാജേഷിനെ വിളിച്ച് സ്വർണാഭരണം നഷ്ടപ്പെട്ടത് തന്നെയാണോ സ്റ്റേഷനിൽ ലഭിച്ചതെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. രാജേഷും ഭാര്യയും പണയത്തിലിരുന്ന സ്വർണാഭരണം തിരികെ എടുത്ത് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് കവർ നഷ്ടപ്പെട്ടത്. 
പോലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ ബിന്ദു ജിജി സ്വർണാഭരണം രാജേഷിന് കൈമാറി. ജിജിയുടെ സത്യസന്ധതയെ പോലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *