കടയിൽ കയറി, ആദ്യം 50000 രൂപ കവർന്നു, പിന്നെ രണ്ടര ലക്ഷം വിലവരുന്ന ലോട്ടറി ടിക്കറ്റുകളും; ഒടുവിൽ പിടിവീണു
ഹരിപ്പാട്: ലോട്ടറി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പാലാ സ്വദേശി ജപ്പാൻ ബാബുവിനെ (ഷാജി-59) ആണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 29 ന് രാത്രിയാണ് പ്രതി ലോട്ടറി കടകൾ കുത്തി തുറന്നത്. 51000 രൂപയും, 2,30,000 രൂപയോളം വിലമതിക്കുന്ന ടിക്കറ്റുകളുമാണ് മോഷണം നടത്തിയത്.
കരിയിലക്കുളങ്ങര ജംഗ്ഷനിലെ ആഞ്ജനേയ, ഓം നമശിവായ എന്നീ ലോട്ടറി കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്ത് കടന്നത്. മേശ കുത്തി തുറന്നാണ് പണം അപഹരിച്ചത്. പ്രതിയെ തിരുവല്ലയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണ കേസിലെ പ്രതിയാണ് ബാബു.
ഇതാ..ഇതാ..; 12 കോടിയുടെ ആ ഭാഗ്യ നമ്പറിതാ; പൂജാ ബമ്പർ BR-100 നറുക്കെടുത്തു
കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഒ ജെ. നിസാമുദ്ദീൻ, എസ് ഐ ബജിത് ലാൽ, പൊലീസ് ഓഫീസർമാരായ ഷാനവാസ്, വിഷ്ണു എൻ നായർ, അരുൺ, അനിൽ, സലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.