ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20യിൽ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങിയ കേരളത്തിന് ദയനീയ തോൽവി. ബാറ്റർമാർ തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ ആന്ധ്രാപ്രദേശ് ആറു വിക്കറ്റിനാണ് സഞ്ജു സാംസണെയും സംഘത്തെയും വീഴ്ത്തിയത്.
ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 42 പന്തുകൾ ബാക്കി നിൽക്കെ ആന്ധ്ര ലക്ഷ്യത്തിലെത്തി.
സ്കോർ – കേരളം 18.1 ഓവറിൽ 87ന് ഓൾ ഔട്ട്. ആന്ധ്രപ്രദേശ് -13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 88. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാമ്പ്യൻ പദവി ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം തോൽവി വഴങ്ങിയതോടെ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ പരുങ്ങലിലായി.
ഓപ്പണർ കെ.എസ്. ഭരതിന്റെ അപരാജിത അർധ സെഞ്ച്വറിയാണ് ആന്ധ്രക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം താരം 56 റൺസെടുത്തു.
കേരളത്തിനായി ജലജ് സക്സേന മൂന്നു ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബാറ്റിങ്ങിൽ കേരളത്തിന്‍റെ ടോപ് സ്കോററും സക്സേനയാണ്. 22 പന്തിൽ 27 റൺസെടുത്ത താരം റൺ ഔട്ടാകുകയായിരുന്നു.