പാലാ: അധികാരത്തിലേറിയ നാള്‍ മുതല്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോണ്‍ പൂവത്താനി സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം മീനച്ചില്‍  പഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സാജോ പൂവത്താനിയാണ് എല്‍.ഡി.എഫിലെ ധാരണ പ്രകാരം രാജി വെച്ചത്.

കേരളത്തിലെ ആദ്യ ‘ഗ്രാമവണ്ടി’ മുതല്‍ 100 ശതമാനം പദ്ധതി ഫണ്ട് വിനിയോഗം, ഒടുവില്‍ ഭൂരഹരിതര്‍ക്കുള്ള ലൈഫ് ഭവന പദ്ധതിയിലെ എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ മൈാറാനായെന്ന സംതൃപ്തിയോടെയാണു സാജോ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്.

എന്നും സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അതിനു പരിഹാരം കാണുന്നതിനും ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായതിനാല്‍ തന്നെ ഭരണസമിതിയില്‍ ഏറെ ജനപിന്തുണ ലഭിച്ച പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനാണ്. 

കക്ഷി രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തു ഭരണസമിതിയേയും ജീവനക്കാരേയും ഒറ്റകെട്ടായി ഏകോപിപ്പിച്ചു കൊണ്ട് ഭരണ രംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാജോ ജോണിനു സാധിച്ചിട്ടുണ്ട്. 
പഞ്ചായത്തു സംഘടിപ്പിക്കുന്ന പരിപാടികളിലുണ്ടാവുന്ന ജനപങ്കാളിത്തം സാജോ പൂവത്താനിയുടെ ജനപിന്തുണ ഊട്ടിയുറപ്പിക്കുന്നതാണ്.
ക്ലീന്‍ മീനച്ചില്‍
ഒരു കാലത്ത് മീനച്ചില്‍ പഞ്ചായത്ത് നേരിട്ടിരുന്ന പ്രധാന പ്രശ്‌നമാണു മലിന്യം വലിച്ചെറിയുന്നത്. സാജോ ജോണിന്റെ നേതൃത്വത്തില്‍ വിഷയം ഗൗരവമായി തന്നെയെടുത്തു. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തു.
മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് എല്ലാ ജനങ്ങളും പഞ്ചായത്തിനൊപ്പം നില്‍ക്കണമെന്നു സാജോ ജോണ്‍ അഭ്യര്‍ഥിച്ചതിനൊപ്പം നിമയം തെറ്റിക്കുന്നവര്‍ക്കു പിഴ കര്‍ശനമായി ഈടാക്കന്‍ തുടങ്ങിയതോടെ ഇത്തരം സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞു. 
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോര്‍ട്ടബിള്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുയും പൊതു നീര്‍ച്ചാലുകളിലേക്കും ഓടകളിലേക്കും മലിന ജലം ഒഴുക്കി വിടുന്നതിനെതിരേയും പഞ്ചായത്തു നടപടിയെടുത്തിരുന്നു.

പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ റോഡുകളുടെയും വശങ്ങൾ പുല്ലുവെട്ടി റോഡുകൾ മനോഹരമാക്കിയതും സാജോയുടെ കാലത്താണ്.

കര്‍ഷക സൗഹൃദം
സാജോ ജോണിന്റെ നേതൃത്തില്‍ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണു കര്‍ഷക സൗഹൃദമായ പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നിരവധി നൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാജോയുടെ നേതൃത്വത്തില്‍ ഭരണസമിതിക്കു സാധിച്ചു.

നാല്‍പ്പതേക്കറോളം വരുന്ന തരിശുഭൂമിയിലെ നെല്‍കൃഷിയും ക്ഷീര കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കി കൊണ്ടുള്ള ക്ഷീരഗ്രാമം പദ്ധതിയും പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കി. 

കൂടാതെ മുട്ടയുല്‍പാദനത്തിലും ഇറച്ചിക്കോഴിയിലും സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 934 ഗുണഭേക്താക്കള്‍ക്ക് 4670 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 

രാസവളം വിതരണം, ജൈവവളം നല്‍കല്‍, കിഴങ്ങുവര്‍ഗ കിറ്റ് വിതരണം, ക്ഷീരകര്‍ഷകര്‍ക്കു പാലിനു സബ്‌സിഡി, കാലിത്തീറ്റ വിതരണം, ഫലവൃക്ഷതൈ വിതരണം തുടങ്ങിയ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി വിജയിപ്പിക്കാന്‍ കഴിഞ്ഞു.
ഷെല്‍ഫ് ഓഫ് ലൗ

സാജോ ജോണിന്റെ നേതൃത്തില്‍ പഞ്ചായത്ത് ആരംഭിച്ച ഏറ്റവും ആകർഷകമായ പദ്ധതിയാണു ‘ഷെല്‍ഫ് ഓഫ് ലൗ’. പഞ്ചായത്തിലെ ജനങ്ങളുടെ സഹായത്തോടെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ദൈനംദിന ഉപയോഗ വസ്തുക്കളും ഉൾപ്പെടെ എന്തും പഞ്ചായത്ത് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള ഷെല്‍ഫില്‍ വയ്ക്കുകയും ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാനും സാധിക്കുമെന്നതാണു പദ്ധതിയുടെ പ്രത്യേകത.

 സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരുപരിധി വരെ വലിയ ആശ്വാസം നല്‍കുവാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാകും. ഇതിനോടകം തന്നെ വന്‍ ജന പിന്തുണയായാണു പദ്ധതിക്കു ലഭിക്കുന്നത്.
ഗ്രാമ വണ്ടി മുതല്‍ പാലിയേറ്റീവ് പരിചരണം വരെ
പഞ്ചായത്ത് ഭരണസമിതിയെ മികവാര്‍ന്ന രീതിയില്‍ നയിച്ച സാജോ ജനോപകാര പ്രദമായ ഒട്ടേറെ നൂതന പദ്ധതികള്‍ നടപ്പിലാക്കിയിട്ടാണു പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമീണ റോഡുകളുടെ വികസനത്തിന്റെ ഭാഗമായി ഗ്രാമവണ്ടിയുടെ സേവനം ലഭ്യമാക്കി.
ക്യാന്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി സ്ത്രീകളിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും സാനിട്ടറി പാഡ് രഹിത പഞ്ചായത്ത് പ്രഖ്യാപനമുള്‍പ്പെടെ വിവിധ പദ്ധതികളും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയായി. പാലിയേറ്റീവ് പരിചരണ രംഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും സാജോയ്ക്കു സാധിച്ചു. 

കൂടാതെ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും സമൂഹത്തിലെ വര്‍ധിച്ചു വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ തയ്യാറായ പ്രസിഡന്റിന്റെ ധീരതയും നിശ്ചയ ദാര്‍ഡ്യവും ഏറെ പ്രശംസനീയവും മറ്റു ഭരണാധികാരികള്‍ക്കു മാതൃകയാവുകയാണ്. 

ഇടതുമുന്നണി നേതാവായ സാജോയ്ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ യു ഡി എഫ് ജനപ്രതിനിധി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ നൽകിയ പ്രശംസ ഇദ്ദേഹത്തിന്റെ ജനപ്രിയത വിളിച്ചോതുന്നതാണ് : കേരളത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ആരെന്ന് ചോദിച്ചാൽ ഞാൻ സാജോ പൂവത്താനി എന്ന് പറയുമെന്നാണ് ജോസ്മോൻ പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *