പ്രവാസികളെ ‘ജാഗ്രതൈ’, നാട്ടിലേക്ക് പണം അയക്കുമ്പോൾ അധിക ചാർജ് നൽകാറുണ്ടോ? അവ ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങളിതാ

രൂപയുടെ മൂല്യം  കുറഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ഏറ്റവും മെച്ചപ്പെട്ട കറന്‍സി മൂല്യം നേടി നാട്ടിലേക്ക് പരമാവധി പണം അയക്കുക എന്നുള്ളതാണ് ഓരോരുത്തരുടെയും ആഗ്രഹം. ഒന്നും രണ്ടുമല്ല ഒന്നരക്കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ ഇങ്ങനെ ജോലി ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്നത്.  ഇവരെല്ലാവരും തന്നെ മിക്കവാറും അവരുടെ നാടുകളിലുള്ള കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ നേരിടുന്ന പൊതുവായ ഒരു പ്രശ്നം നാട്ടിലേക്ക് പണം അയക്കുന്നതിനുള്ള വര്‍ദ്ധിച്ച ചെലവാണ്. പല ബാങ്കുകളും മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇടപാടുകള്‍ നടത്തുന്നതിനാല്‍ ഓരോ സ്ഥാപനങ്ങളും ഈടാക്കുന്ന തുക ആത്യന്തികമായി വഹിക്കേണ്ടത് പണം അയക്കുന്നവരാണ്. സീറോ ഫീസ്, സൗജന്യമായി പണം അയച്ചു കൊടുക്കുന്നു എന്നീ പേരുകളില്‍ പല സ്ഥാപനങ്ങളും പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഇടാക്കുന്നുണ്ട്. 2020ലെ കണക്കുകള്‍ പ്രകാരം വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാന്‍ 21900 കോടി രൂപയാണ് ഫോറിന്‍ എക്സ്ചേഞ്ച് ഫീസ് ആയി ഇന്ത്യക്കാര്‍ നല്‍കേണ്ടി വന്നത്. ഇതില്‍ 7,900 കോടി രൂപ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുന്നതിനാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കിയത്. ബാക്കി വരുന്ന 14,000 കോടി രൂപ ട്രാന്‍സാക്ഷന്‍ ഫീസ് എന്ന പേരിലാണ് പ്രവാസികളില്‍ നിന്ന് കമ്പനികള്‍ വാങ്ങിയത്. സ്റ്റേറ്റ്മെന്‍റുകളില്‍ കാണാന്‍ കഴിയില്ലെങ്കിലും ഒളിഞ്ഞിരിക്കുന്ന പല ചാര്‍ജുകളും നാട്ടിലേക്ക് പണം അയക്കുന്നതിന്  കമ്പനികള്‍ ഈടാക്കുന്നുണ്ട്.

വര്‍ധിച്ച ചാര്‍ജുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബാങ്കുകള്‍. പക്ഷേ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ നിരക്ക് ഈടാക്കും.  അതിനുള്ള പ്രധാനപ്പെട്ട കാരണം വിദേശരാജ്യങ്ങളില്‍ അവരുടെ സാന്നിധ്യം ഇല്ലാത്തതാണ്. അതുകൊണ്ടുതന്നെ മറ്റുള്ള സാമ്പത്തിക സേവന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പല ഇടപാടുകളും ബാങ്കുകള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇതിന് ചിലവേറും.

രാജ്യങ്ങള്‍ക്കിടയില്‍ പണം അയക്കുന്നതിന് മാത്രമായി പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ ഉണ്ട്. കറന്‍സികള്‍ക്ക് ഏറ്റവും കൂടുതല്‍ മൂല്യം നല്‍കുന്നതോടൊപ്പം തന്നെ കുറഞ്ഞ ചെലവില്‍ പണം അയക്കുന്നതിനും ഇവര്‍ സഹായിക്കും. അതിനുപുറമേ ഇവര്‍ ഈടാക്കുന്ന ഫീസിന്‍റെ ഘടന പൂര്‍ണമായും സുതാര്യവും ആയിരിക്കും. ബാങ്കുകളിലൂടെ പണം അയക്കുമ്പോള്‍ അത് നാട്ടില്‍ ലഭിക്കുന്നതിന്  കൂടുതല്‍ സമയമെടുക്കും. എന്നാല്‍ വിദേശത്തേക്ക് പണം അയക്കുന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യസമയത്ത് തന്നെ പണം ഗുണഭോക്താവിന് കൈമാറും.

പണം അയയ്ക്കുമ്പോള്‍ അതിന് സ്ഥാപനം ഈടാക്കുന്ന ഫീസ് മാത്രമല്ല പരിശോധിക്കേണ്ടത്. മറിച്ച് കറന്‍സിക്ക് ആ സ്ഥാപനം നല്‍കുന്ന മൂല്യം എത്രയാണെന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ പണം നാട്ടിലേക്ക് അയക്കുന്നതിന് മുന്‍പ് കറന്‍സിയുടെ കൃത്യമായ മൂല്യം അറിഞ്ഞിരിക്കുക. ചില വിദേശ വിനിമയ സ്ഥാപനങ്ങള്‍ വലിയ തുകകള്‍  ആണ് നാട്ടിലേക്ക് അയക്കുന്നതെങ്കില്‍ കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യം വരുമ്പോള്‍  അത് ലോക്ക് ചെയ്യുന്നതിന് അനുവദിക്കാറുണ്ട്. അതായത് പിന്നീട് കറന്‍സിയുടെ മൂല്യം കുറഞ്ഞാലും  ലോക്ക് ചെയ്ത മൂല്യം പണം അയക്കുന്ന ആള്‍ക്ക് ലഭിക്കും.  പല സ്ഥാപനങ്ങളും കറന്‍സിയുടെ മൂല്യം ഉപഭോക്താക്കളെ അറിയിക്കുന്ന പതിവുണ്ട്. കറന്‍സിക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് കണക്കാക്കി  കറന്‍സി മാറ്റി നാട്ടിലേക്ക് പണം അയക്കാന്‍ ഇത് സഹായകരമാണ്. വിദേശ വിനിമയെ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസുകളും നിരക്കുകളും താരതമ്യം ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്നതും അധിക ചാര്‍ജുകളില്‍ നിന്ന് പരമാവധി രക്ഷനേടാന്‍ സഹായിക്കും.

By admin