പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ പുഴയോര ഭിത്തി നിർമ്മിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉപരോധിച്ചു.
കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയുള്ള കർമ്മ റോഡ് ഉയരം കുറച്ച് നിർമ്മാണ പ്രവർത്തി നടത്തിയത് കാരണം മഴക്കാലത്ത് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും നിരവധി വീടുകളിലാണ് വെള്ളം കയറുന്നത്.
പുഴയോരഭിത്തി ഇല്ലാത്തത് കാരണം നിരവധി വാഹനങ്ങൾ പുഴയിൽ വീണ് വലിയ അപകടമാണ് സംഭവിക്കുന്നത്. റോഡിനടിയിൽ അശാസ്ത്രീയമായി നിർമ്മിച്ച വലിയ പൈപ്പുകളും, പുഴയോരഭിത്തി ഇല്ലാത്തതും കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് മാസങ്ങൾക്ക് മുൻപ് ജില്ലാ കലക്ടർക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നല്‍കിയിരുന്നു.
പരാതി തുടരന്വേഷണത്തിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ എത്തിയിട്ടും ഒരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, യു മാമൂട്ടി, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, സി ജാഫർ, എം കെ റഫീഖ്, എം ഫസലുറഹ്മാൻ, ദർവേഷ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.