കോട്ടയം: ക്രിസ്മസിനു വരാമെന്നു വാക്കു പറഞ്ഞിരുന്ന ദേവനന്ദ് മറ്റക്കര പൂവക്കുളത്തെ അശ്വതീവിലാസം വീട്ടിലേക്കു എത്തിയതു ചേതനയറ്റ ശരീരമായി.
ആലപ്പുഴയില്‍ വാഹനാപടകത്തില്‍ മരിച്ച മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്റെ പിതാവ് ബിനുരാജിന്റെ വീടാണു മറ്റക്കര പൂവക്കുളം അശ്വതീവിലാസം. ദേവനന്ദന്റെ പിതാവ് ബിനുരാജ് മലപ്പുറം തെന്നല എം.എ.എം.യു.പി സ്‌കൂളില്‍ അധ്യാപകനാണ്. വിവാഹശേഷം ഭാര്യ രഞ്ജിമോളെയും ഒപ്പം കൂട്ടി കോട്ടയ്ക്കലില്‍ താമസമാക്കുകയായിരുന്നു.
രഞ്ജിമോള്‍ക്കു വില്‍പ്പന നികുതി വിഭാഗത്തില്‍ ജോലി ലഭിച്ചതോടെ കോട്ടക്കലില്‍ വീടുവാങ്ങി താമസം ആരംഭിച്ചു. ഇതോടെ ദേവനന്ദന്റെ മറ്റക്കരയിലേക്കുള്ള വരവ് കുറഞ്ഞിരുന്നു. പിന്നീട് ദേവനന്ദിന്റെ പഠനം ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലായിരുന്നു.
ഇക്കഴിഞ്ഞ ദേശീയ നീറ്റ് പരീക്ഷയില്‍ കേരള റാങ്ക് 745 , സി.ബി.എസ്.സി പരീക്ഷയില്‍ 500 ല്‍ 484 മാര്‍ക്ക്, .
ഓണത്തിനും മറ്റക്കരയിലെ വീട്ടിലെത്തി, ക്രിസ്മസിനു വരാമെന്നു പറഞ്ഞു പോയ കൊച്ചുമകന്‍ ചേതനയറ്റ ശരീരമായി ഇന്നലെ മറ്റക്കരയിലെ വീട്ടിലെത്തുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു നാരായണപിള്ളയും ഭാര്യ തങ്കമ്മയും.
ഇന്നലെ അപകടമുണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കും മുമ്പും ദേവനന്ദന്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മൃതദേഹത്തിനൊപ്പം വീട്ടിലെത്തിയ ബിനുരാജിയെും രഞ്ജിമോളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു.
സഹോദരന്‍ ദേവദത്ത് പോണ്ടിച്ചേരിയില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ്. ദേവനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു മറ്റക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.