തിരുവനന്തപുരം: ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ പുറത്താക്കാൻ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വത്തിൻെറ അനുമതി ലഭിച്ചാൽ ഉടൻ നിലവിൽ ഏരിയാ കമ്മിറ്റി അംഗമായ മധു മുല്ലശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തീരുമാനം പ്രഖ്യാപിക്കും.
കൊല്ലം, പത്തനംതിട്ട ജില്ലകളിലേതിന് സമാനമായി തലസ്ഥാന ജില്ലയിലെ പാർട്ടി സമ്മേളനങ്ങളിലും പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ഇടനൽകിയതാണ് ജില്ലാ നേതൃത്വത്തെ മധു മുല്ലശേരിക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.
ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചതും മധുവിനെതിരെ തിരിയാൻ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. വി.ജോയിയുടെ നിലപാടുകളാണ് പാർട്ടി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകാൻ ഇടയാക്കിയതെന്നാണ് മധു മുല്ലശേരിയുടെ ആരോപണം.
ജില്ലാ സെക്രട്ടറിയെന്ന നിലയിൽ തന്നെ നിരന്തരം വ്യക്തിപരമായി ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്ത ജോയിയുടെ വൈരനിര്യാതന സമീപനാണ് ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നും മധു ആരോപിക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണങ്ങളും മധു മുല്ലശേരി മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. പുറത്താക്കുന്ന തീരുമാനം വന്നാലും ഇനി സി.പി.എമ്മുമായി യോജിച്ച് പോകാനില്ലെന്നാണ് തീരുമാനമെന്ന് മധു മുല്ലശേരി വ്യക്തമാക്കി. എന്നാൽ പൊതു പ്രവർത്തകനായി തുടരും. പുതിയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുളളിൽ തീരുമാനമെടുക്കുമെന്നും മധു മുല്ലശേരി പ്രതികരിച്ചു.
കോൺഗ്രസ് നേതൃത്വവും ബി.ജെ.പി നേതൃത്വവും മധുവുമായി ബന്ധപ്പെടുന്നുണ്ട്. രണ്ട് ടേമായി മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ഉടമസ്ഥൻ കൂടിയാണ്. നല്ല സാമ്പത്തിക ശേഷിയുളളതും ജില്ലാ നേതൃത്വത്തിൻെറ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്.
വൻ മുതലാളിമാരുമായി ചങ്ങാത്തമുളള മധു സാധാരണ പ്രവർത്തകർക്ക് അപ്രാപ്യനാണെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻെറ പരാതി. പാർട്ടിക്ക് അനഭിമതനായതോടെ മധുവിന് എതിരെ ജില്ലാ നേതൃത്വം സാമ്പത്തിക ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഏരിയാ ഓഫീസ് നിർമ്മാണത്തിനുളള ഫണ്ട് ദുരുപയോഗം ചെയ്തു എന്നതാണ് പ്രധാന ആരോപണം.
ഏരിയാ സെക്രട്ടറിയെന്ന നിലയിലുളള മധുവിൻെറ പ്രവർത്തന വീഴ്ചകൾ ചൂണ്ടിക്കാട്ടി 70 പരാതികൾ ലഭിച്ചുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയി അറിയിച്ചു. മധുവിൻെറ ഉടമസ്ഥതയിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ലോഡ്ജിന് എതിരെയും പരാതിയുണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. ഇതേപ്പറ്റിയെല്ലാം മുന്നറിയിപ്പ് കൊടുത്തത് കൊണ്ടാണ് ജില്ലാ നേതൃത്വത്തെ അധിക്ഷേപിക്കുന്നതെന്നും വി.ജോയി കുറ്റപ്പെടുത്തി.
സാമ്പത്തിക ക്രമക്കേട് അടക്കം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ജോയി അറിയിച്ചു. മധു മുല്ലശേരിക്ക് വൈകാതെ വക്കീൽ നോട്ടീസ് അയക്കും. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മധു മുല്ലശേരി മാധ്യമങ്ങളിലൂടെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെ നിയമപരമായി നേരിടാതെ വിടാനാവില്ലെന്നും വി.ജോയി പോത്തൻകോട് പൊതുസമ്മേളനത്തിൽ പറഞ്ഞു. വെളളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മധുവിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുന്ന തീരുമാനം ഉണ്ടായേക്കും.