ഭോപ്പാല്‍: ട്രെയിനിംഗ് കഴിഞ്ഞ് തന്റെ ആദ്യ പോസ്റ്റിംഗിനായി പോകുന്നതിനിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. 26 കാരനായ ഹര്‍ഷ് ബര്‍ദന്‍ ആണ് മരിച്ചത്. ഡിസംബര്‍ 1 ന് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെയാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്.
കര്‍ണാടക കേഡറിലെ 2023 ബാച്ച് ഉദ്യോഗസ്ഥനായ ഹര്‍ഷ് ബര്‍ദനെ ഹോളനരസിപൂരിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി നിയമിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൈസൂരിലെ കര്‍ണാടക പോലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു നിയമനം.
മധ്യപ്രദേശിലെ സിങ്ഗ്രൗളി ജില്ലയിലെ ദോസര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഹര്‍ഷ് ബര്‍ധന്‍. ഹര്‍ഷ് ബര്‍ദന്റെ പിതാവ് അഖിലേഷ് കുമാര്‍ സിംഗ് ഒരു സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ്. ഹര്‍ഷ് ബര്‍ധന്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യവെയാണ് ഐപിഎസ് നേടിയത്.
ഹാസനിലേക്കുള്ള യാത്രയ്ക്കിടെ ഹര്‍ഷ് ബര്‍ദന്‍ സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ജോലി സ്ഥലത്തു നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഹാസന്‍ ജില്ലയിലെ കിട്ടാനിനടുത്ത് വൈകുന്നേരം 4:20 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബര്‍ദനെ ഉടന്‍ തന്നെ ഹാസനിലെ ജനപ്രിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ മഞ്ചെഗൗഡ നിസാര പരിക്കുകളോടെ ഹാസനില്‍ ചികിത്സയിലാണ്.