തെലങ്കാന: തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ റായ്പോള് ഗ്രാമത്തിന് സമീപം കൊലപാതകം നടന്നത്. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹയാത്നഗര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന നാഗമണിയാണ് കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് അന്യജാതിക്കാരനായ ശ്രീകാന്തിനെ യുവതി വിവാഹം കഴിച്ചത്. ഇവരുടെ കുടുംബം മിശ്രവിവാഹത്തെ എതിര്‍ത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
നാഗമണി റായ്‌പോളില്‍ നിന്ന് മന്നഗുഡയിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സഹോദരന്‍ പരമേഷ് സ്‌കൂട്ടറില്‍ ബോധപൂര്‍വം തന്റെ കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യുവതി വീണപ്പോള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നാഗമണി സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി നാഗമണിയുടെ മരണം സ്ഥിരീകരിച്ചു. സഹോദരന്‍ പ്രണയ വിവാഹത്തില്‍ പ്രകോപിതനാകുകയും യുവതിയെ കൊലപ്പെടുത്തുകയും ചെയ്തതായി ഞങ്ങള്‍ സംശയിക്കുന്നു, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.