കോട്ടയം: കാലാവസ്ഥ മോശം, ശബരിമല തീര്‍ഥാടന വാഹനങ്ങള്‍  ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.
നിരവധി അപകട വളവുകൾ ഉള്ള റോഡിൽ  മഴപെയ്തു വഴുക്കല്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളത് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.
ഒരു ദിവസം ശാശരി 25000 വാഹനങ്ങളാണ് ശബരിമലയിലേക്ക് പോകുന്നത്. കേരള രജിസ്ട്രേഷന്‍ വാഹനങ്ങളാണ് ഏറെയും. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങള്‍ എത്തുന്നുണ്ട്.

തീര്‍ഥാടന കാലം ആരംഭിച്ച ശേഷം ഇതിനോടകം നിരവധി അപകടങ്ങളും ശബരിമല പാതകളില്‍ ഉണ്ടായിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ക്ഷീണം കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതാണ് അപകടങ്ങള്‍ക്കു കാരണം. ചില അപകടങ്ങള്‍ക്കു അമിതവേഗവും അശ്രദ്ധയും വഴിവെക്കുന്നുണ്ട്.

ഇത്തവണ ശബരിമല സീസണ്‍ ആരംഭിച്ച ശേഷം മൂന്ന് അപകടങ്ങള്‍ ആണ് കണ്ണിമല ഇറക്കത്തില്‍ മാത്രം സംഭവിച്ചത്. പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞാണ് ആദ്യ അപകടം. ഇതിന്റെ പിറ്റേന്ന് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി ഇടിച്ചു.
ക്രാഷ് ബാരിയറില്‍ ഇടിച്ചതിനാല്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞില്ല. അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തീര്‍ത്ഥാടകരുമായി വന്ന കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചിരുന്നു.
താഴ്ന്ന ഗിയറില്‍  സഞ്ചരിച്ചാല്‍ ഇറക്കത്തിലെ കൊടും വളവില്‍ ഇതര സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.  വാഹനങ്ങളുടെയും ടയറുകളുടെയും പഴക്കം കൂടുതല്‍ ആണെങ്കില്‍ ഇറക്കത്തില്‍ സാവധാനം സഞ്ചരിച്ചാലും വളവില്‍ തിരിയാന്‍ കഴിയാതാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മഴ ശക്തമായതോടെ കണമല വളവില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും അധികൃതര്‍ സ്വകീരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കണമല അട്ടിവളവിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപമാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്. റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയായിരുന്നു. വലിയ അപകട സാധ്യതയാണ് ഇവിടെ ഉള്ളത്.

അപകട സാധ്യത കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പട്രോളിങ് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.

അതേസമയം, അതിശക്തമായ മഴ തുടരുന്നതിനാല്‍ കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു.
കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *