ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള, സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് തുടക്കമായത്.

പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള ട്രേഡ് കമ്മീഷണർ ആയി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ, പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും, മികച്ച ബിസിനസ് വളർച്ചയ്ക്കും, നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.ഏം .ഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ  വിജയ് ആനന്ദ് പറഞ്ഞു. 

അതോടൊപ്പം യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ  യോഗവും തുടങ്ങി. കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ  വിജയ് ആനന്ദിനെ അഭിനന്ദിച്ചു. 2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൺ ഡോളർ കടന്നതോടെ   സിംബാബ്‌വെയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ അഭിപ്രായപ്പെട്ടു.

സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയ്യാറെടുക്കുകയാണെന്നും യു.എ.ഇയിലെ എസ്.എ.ഡി.സി കൗൺസിൽ തലവനായി വിജയ് ആനന്ദിനെ നിയമിച്ചതിൽ സന്തോഷമുണ്ട് എന്നും ലവ്‌മോർ മസെമോ പറഞ്ഞു. കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്ന് സൗരോർജ്ജ മേഖലയിൽ  വലിയ നിക്ഷേപങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള  പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക് ഓഫ് സിംബാബ്‌വെയുടെ പ്രസിഡൻ്റ് എമേഴ്‌സൺ മംഗഗ്വയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സിംബാബ്‌വെയിൽ നടക്കുന്ന ശ്രമങ്ങളെ മസെമോ പരാമർശിച്ചു.

ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ പ്രസിഡൻ്റ് ഡോ. ആസിഫ് ഇഖ്ബാലും ഇന്ത്യയും യുഎഇയും സിംബാബ്‌വെയും തമ്മിലുള്ള ഈ ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ ഇന്ത്യക്കാർ സിംബാബ്‌വെയിലെ ബിസിനസ്സ് വളർച്ചയിൽ വളരെ താല്പര്യം ഉള്ളവരുമാണ്. എന്നും  ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പിന്തുണച്ചതിന്  യുഎഇയിലെ സിംബാബ്‌വെ എംബസിക്ക് നന്ദി പറയുന്നുവെന്നും  ഡോ.ഇക്ബാൽ പറഞ്ഞു.

ഇന്ത്യ-ആഫ്രിക്ക വ്യാപാര കൗൺസിലിന്റെ വ്യാപാര കമ്മീഷണറായി ചുമതല ഏറ്റെടുക്കുമ്പോൾ, ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെച്ചതെന്നും. 2025-ൽ തങ്ങളുടെ  പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക് പോകുമെന്നും വിജയ് ആനന്ദ് വ്യക്തമാക്കി.

By admin