തിരുവനന്തപുരം: പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി അതീജിവനത്തിനായി ഹോട്ടൽ നിർമ്മാണത്തിലേക്ക്.പഞ്ചനക്ഷത്ര ഹോട്ടൽ മാത്രമല്ല കോർപ്പറേഷൻെറ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ റിസോർട്ടും നിർമ്മിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി.
വിനോദ സഞ്ചാരമേഖലയായ മൂന്നാറിലും കായൽ ടൂറിസം മേഖലയായ കൊല്ലത്തും കടലും കായലും ചേരുന്ന തിരുവനന്തപുരത്തെ പൂവാറിലും ഉൾപ്പെടെ 5 കേന്ദ്രങ്ങളിലാണ് ഹോട്ടലും റിസോർട്ടും പണിയുന്നത്. കെ.എസ്.ആർ.ടി.സിയെ എങ്ങനെയും ലാഭത്തിലാക്കിയേ അടങ്ങുവെന്ന ദൃഢനിശ്ചയത്തിലുളള മന്ത്രി കെ.ബി.ഗണേഷ് കുമാറിൻെറ ഭാവനയിൽ വിരിഞ്ഞതാണ് ഹോട്ടൽ റിസോർട്ട് പദ്ധതികൾ.

ആനവണ്ടി ഓടിച്ച് നഷ്ടത്തിലാക്കി പരിചയ സമ്പത്ത് മാത്രമുളള കെ.എസ്.ആർ.ടി.സി നേരിട്ടല്ല ഹോട്ടലും റിസോർട്ടും നടത്താൻ പോകുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. ബിൽറ്റ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ അഥവാ ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും ഹോട്ടലും റിസോർട്ടും നിർമ്മിക്കാൻ പോകുന്നത്.

നിർ‍മ്മിച്ച് 29 കൊല്ലം പ്രവർത്തിപ്പിച്ച ശേഷം സംരഭകർ ഉടമസ്ഥാവകാശം കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്ന് കരാറിൽ വ്യവസ്ഥ വെയ്ക്കും. മൂന്നാറിലും കൊല്ലത്തും പൂവാറിലും ഹോട്ടലുകളും റിസോർട്ടും നിർമ്മിക്കാൻ സംരംഭകരെ തേടി കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെണ്ടറിൽ പങ്കെടുക്കാം.ടെണ്ടറും നടപടികളും കഴിഞ്ഞ് നിർമ്മാണം ആരംഭിക്കാൻ പോകുമ്പോൾ കോർപ്പറേഷനിലെ യൂണിയൻകാർ കൊടി കുത്തി സമരത്തിനിറങ്ങുമോ എന്നതാണ് ആശങ്ക.

ടിക്കറ്റ് വരുമാനം കൊണ്ട് മാസം ശമ്പളം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത കെ.എസ്.ആർ.ടി.സി അറിയാത്ത ബിസിനസിൽ ചെന്നുചാടി ആപത്തിലാകുമോയെന്ന് ആശങ്കപ്പെടുന്ന യൂണിയൻ നേതാക്കളുണ്ട്.

ടിക്കറ്റിതര വരുമാനം കൂട്ടുന്നതിൻെറ ഭാഗമായി തമ്പാനൂരിലും കോഴിക്കോടും അങ്കമാലിയിലും കൊട്ടാരക്കരയിലും തിരുവല്ലയിലും വാണിജ്യ കേന്ദ്രങ്ങൾ നിർമ്മിച്ചെങ്കിലും ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല. തമ്പാനൂർ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ കെട്ടിടത്തിലെ മുഴുവൻ ഭാഗങ്ങളും വാടകക്ക് പോലും നൽകാനായിട്ടില്ല.
തിരുവല്ലയിൽ നിർമ്മാണം കഴിഞ്ഞ കെട്ടിടം അതേപടി കിടക്കുകയാണ്.കൊട്ടാരക്കരയിലെ ഷോപിങ് കോംപ്ളക്സ് നിർമ്മാണത്തിലെ തകരാർ മൂലം വിണ്ടുകീറിയ നിലയിലുമാണ്.ഈ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ ഹോട്ടൽ സംരംഭത്തിലേക്കിറങ്ങുന്നത് അപകടമാണെന്നാണ് വിമർശനം.

ടൂറിസം കേന്ദ്രമായ മൂന്നാറില്‍ കെ.എസ്.ആർ.ടി.സിയ്ക്ക് ആകെ 3 ഏക്കര്‍ ഭൂമിയുണ്ട്. മൂന്നാർ ഗവൺമെന്റ് കോളജ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്ങ് ഗ്രൗണ്ട് എന്നിവക്ക് സമീപം കണ്ണായ ഭൂമിയാണിത്. നീണ്ടു പരുന്നു കിടക്കുന്ന തേയില തോട്ടങ്ങളുടെ നല്ല ദൃശ്യ ഭംഗി ലഭിക്കുന്ന ഈ സ്ഥലത്ത് നിന്ന് ചിന്നക്കനാലിലേക്കും പളളിവാസലിലേക്കും ലക്ഷ്മി എസ്റ്റേറ്റിലേക്കും എല്ലാം പോകാനും എളുപ്പമാണ്.

ഈ സ്ഥലത്താണ് പഞ്ചനക്ഷത്ര ഹോട്ടൽ, ഹില്‍ വ്യു വില്ല, ആയുർവേദ സ്പാ തുടങ്ങിയവ നിർമ്മിക്കാൻ പോകുന്നത്.ഹിൽ സ്റ്റേഷനുകളിലെ അഡംബര ഹോട്ടലുകളിലേതിന് സമാനമായ എല്ലാ സൗകര്യങ്ങളോടെയാകും നിര്‍മ്മാണം.
മൂന്നാർ മാതൃകയിൽ തിരുവനന്തപുരത്തെ പുവാറിലും, കൊല്ലത്ത് അഷ്ടമുടി കായലിൻെറ ഓരത്തും കോർപ്പറേഷൻെറ ഭൂമിയില്‍ റിസോര്‍ട്ടുകൾ നിര്‍മ്മിക്കും.നെയ്യാർ നദി കടലിലേക്ക് പതിക്കാനായി ഒഴുകി നീങ്ങുന്നതിന് അടുത്താണ് പൂവാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ഇവിടെ ഒരേക്കര്‍ ഭൂമിയാണ് കോർപ്പറേഷൻെറ പക്കലുലളളത്.
കൊല്ലത്ത് കായലോരത്ത് 1.75 ഏക്കർ ഭൂമിയാണ് കൈവശമുളളത്.കൊല്ലത്തെ ഭൂമിയിൽ ഹോട്ടലിന് ഒപ്പമോ അല്ലാതെയോ വാണിജ്യ കേന്ദ്രം നിർമ്മാണവും പരിഗണനയിലുണ്ട്. നാല് ഏക്കര്‍ ഭൂമി സ്വന്തമായുളള എറണാകുളത്തും വാണിജ്യകേന്ദ്രമാണ് പരിഗണനയിലുളളത്.മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വാണിജ്യ കേന്ദ്രമോ മെഡിക്കല്‍ കേന്ദ്രമോ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *