അണ്ടര്‍ 19 ഏഷ്യാ കപ്പ്: ജപ്പാനെതിരെ പടുകൂറ്റൻ ജയവുമായി ഇന്ത്യൻ യുവനിര, ക്യാപ്റ്റൻ മുഹമ്മദ് അമാന് സെഞ്ചുറി

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെ 211 റണ്‍സിന് തകര്‍ത്ത് ഇന്ത്യൻ യുവനിര. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ മുഹമ്മദ് അമാന്‍റെ അപരാജിത സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെ പി കാര്‍ത്തികേയ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിൽ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തപ്പോള്‍ ജപ്പാന്  50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 111 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണർ ഹ്യൂഗോ കെല്ലിയാണ് ജപ്പാന്‍റെ ടോപ് സ്കോറര്‍. ചാള്‍സ് ഹിന്‍സ് 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാര്‍ദ്ദിക് രാജും കെ പി കാര്‍ത്തികേയയും ചേതൻ ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇയെ 69 റൺസിന് തോല്‍പിച്ച പാകിസ്ഥാനാണ് ഒന്നാമത്. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 339-6, ജപ്പാന്‍ 50 ഓവറില്‍ 128-8. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യ എത്തിപ്പിടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ജപ്പാന്‍ പരമാവധി നേരം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിച്ചത്. ഓപ്പണിംഹ് വിക്കറ്റില്‍ ഹ്യൂഗോ കെല്ലിയും നിഹാര്‍ പാര്‍മറും(14) ചേര്‍ന്ന് 13.4 ഓവറില്‍ 50 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി.

അന്ന് 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയൽസ് ടീമിലെടുത്ത താരത്തിന്‍റെ ആസ്തി 70000 കോടി, ഇന്ത്യയിലെ ധനികനായ താരം

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ മുഹമ്മദ് ആമാന്‍റെ അപരാജിതെ സെഞ്ചുറിയുടെയും(118 പന്തില്‍ 122) ആയുഷ് മാത്രെ(29 പന്തില്‍ 54), കെ പി കാര്‍ത്തികേയ(49 പന്തില്‍ 57) അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. 23 പന്തില്‍ 23 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്കോര്‍ നേടാനായില്ല.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ യുവനിരക്ക് ജപ്പാനെതിരായ വമ്പന്‍ ജയം സെമിസാധ്യത ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ യുഎഇ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin