സാം കോണ്‍സ്റ്റാസിന് സെഞ്ചുറി, ഹർഷിത് റാണക്ക് 4 വിക്കറ്റ്; പരിശീലന മത്സരത്തിൽ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം
കാന്‍ബറ: അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ സെഞ്ചുറിയുടെയും ഹാനോ ജേക്കബ്സിന്‍റ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 240 റണ്‍സെടുത്തത്. 43.2 ഓവറില്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ ആഖാശ് ദീപ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ഓപ്പണർ മാറ്റ് റെന്‍ഷായും(5), ജെയ്ഡന്‍ ഗുഡ്‌വിനും(4) തുടക്കത്തിലെ നഷ്ടമായെങ്കിലും സാം കോണ്‍സ്റ്റാസും ജാക് ക്ലേയ്ടണും(40) ചേര്‍ന്ന് 100 കടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ പിന്നീട് ആറു പന്തുകളുടെ ഇടവേളയില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ജാക് ക്ലേയ്ടണെ(40) ബൗള്‍ഡാക്കിയ ഹര്‍ഷിത് പിന്നാലെ ഒലിവര്‍ ഡേവിസിനെയും(0) ബൗൾഡാക്കി.
ക്യാപ്റ്റന്‍ ജാക് അഡ്വേര്‍ഡ്സിനെയും(1) സാം ഹാര്‍പറെയും(0) പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച ഹര്‍ഷിത് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 138-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ ഒമ്പതാമനായി ക്രീസിലിറങ്ങിയ ഹാന്നോ ജേക്കബ്സ് അപ്രതീക്ഷിതമായി പിടിച്ചു നിന്നതോടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 200 കടന്നു. 97 പന്തില്‍ 107 റണ്‍സെടുത്ത കോണ്‍സ്റ്റാസിനെ പുറത്താക്കിയ ആകാശ് ദീപാണ് കൂട്ടുകെട്ട് പൊളിച്ചത്.
WHAT A BALL FROM HARSHIT RANA ⚡
– India continues their dominance in Australia…!!!! pic.twitter.com/YNjS77gQaf
— Johns. (@CricCrazyJohns) December 1, 2024
വാലറ്റക്കാരന്‍ ജാക് നിസ്ബെറ്റിനെ(11) കൂട്ടുപിടിച്ച് ഹാനോ ജേക്കബ്സ്(60 പന്തില്‍ 61) പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 240 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി ഹര്‍ഷിത് റാണ ആറോവറില്‍ 44 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.