ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫിൻജാല്‍ ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിലും പുതുച്ചേരിയിലും ദുരിതംവിതച്ച് കരതൊട്ടതോടെ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും പ്രളയസമാന സാഹചര്യമാണ്. വ്യാപക നാശനഷ്ടവുമുണ്ടായിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ് ചെന്നൈയില്‍ മൂന്നുപേരും പുതുച്ചേരിയില്‍ ഒരാളും മരിച്ചു.
മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ കരയിലേക്ക് പ്രവേശിച്ച കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശി. ഒട്ടേറെ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും നാശമുണ്ടായി. കാറ്റിനുമുന്നോടിയായി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടിലായി. വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളംകയറി. ഞായറാഴ്ച പുലര്‍ച്ചെവരെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടിസര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില ദീര്‍ഘദൂര തീവണ്ടികള്‍ ചെന്നൈ സെന്‍ട്രലില്‍ എത്താതെ പെരമ്പൂരില്‍നിന്ന് വഴിതിരിച്ചുവിട്ടു.പുതുച്ചേരിയിലും പലയിടങ്ങളിൽ വെള്ളംകയറി. മുത്തിയാല്‍പ്പേട്ട് എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍പോയ അതിഥിത്തൊഴിലാളി പൊട്ടിവീണ വൈദ്യുതകേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചെന്നൈയില്‍ വ്യാസര്‍പാടി, പാരിസ് കോര്‍ണര്‍, വേളാച്ചേരി എന്നിവിടങ്ങളിലായിരുന്നു മറ്റ് മൂന്നുമരണങ്ങള്‍.ചെന്നൈ നഗരത്തില്‍ മിക്കറോഡുകളിലും വാഹനങ്ങള്‍ക്ക് പോകാന്‍കഴിയാത്തവിധം വെള്ളക്കെട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയതോടെ സൈന്യവും എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. നിരവധി പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരങ്ങളിലെ ഓടകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ പ്രത്യേക ബോട്ടുകളിറക്കിയാണ് എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷപ്പെടുത്തിയത്. വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചു. 20 വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ചുഴലിക്കാറ്റിന് ഞായറാഴ്ച ഉച്ചയ്ക്ക് മുന്നെ ശക്തികുറയുമെങ്കിലും തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *