മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.
49 കാരനായ കുന്ദ്രയോട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ ഇഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യും. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
അശ്ലീല ചിത്രം നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് 2021 ജൂലൈയില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കുന്ദ്രയ്ക്കതെിരെ ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നടക്കുകയാണ്.
അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ നിന്നും വില്‍പനയില്‍ നിന്നും ഉണ്ടായ വരുമാനവും ഇഡി അന്വേഷിച്ചുവരികയാണ്.
മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും മറ്റ് മോഡുകളിലൂടെയും അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുന്നത് കേന്ദ്രീകരിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം, അന്വേഷണ ഏജന്‍സി മുംബൈയിലും ഉത്തര്‍പ്രദേശിലുമായി 15 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.