പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ടോസ്, പ്രൈം മിനിസ്റ്റേഴ്സ് ഇലവന് 2 വിക്കറ്റ് നഷ്ടം; വില്ലനായി വീണ്ടും മഴ
കാന്‍ബറ: ഇന്ത്യയും ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള ഏകദിന പോരാട്ടത്തില്‍ വീണ്ടും മഴയുടെ കളി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലാണ്.
11 റണ്‍സെടുത്ത സാം കോൺസ്റ്റാസുംക്രീസില്‍ റണ്ണൊന്നുമെടുക്കാതെ ജാക് ക്ലേയ്ടടണുമാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത മാറ്റ് റെന്‍ഷായുടെയും നാലു റണ്‍സെടുത്ത ജെയ്ഡന്‍ ഗുഡ്‌വിന്‍റെയും വിക്കറ്റുകളാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന് നഷ്ടമായത്. മുഹമ്മദ് സിറാജിനും ആകാശ് ദീപിനുമാണ് വിക്കറ്റ്. ദ്വിദിന പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനം മഴമൂലം പൂര്‍ണമായും നഷ്ടമായതോടെ രണ്ടാം ദിനം 50 ഓവര്‍ വീതമുള്ള ഏകദിന മത്സരമായാണ് നടക്കുന്നത്.
അഡ്‌ലെയ്ഡില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന പിങ്ക് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരമാണിത്. ഇന്നലെ പരിശീലന മത്സരത്തിന് മുമ്പ് ഇന്ത്യൻ താരങ്ങളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ താരങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ടിലും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പങ്കെടുത്തു.
TIME FOR PINK BALL PRACTICE GAME FOR INDIA. 🇮🇳
– India fielding first…!!! pic.twitter.com/1SIM0syfJy
— Mufaddal Vohra (@mufaddal_vohra) December 1, 2024
പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ ഡിസം ആറിനാണ് ഇന്ത്യ-ഓസ്ട്രേലിയ ഡെനൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് കരുതുന്ന സ്കോട് ബോളണ്ടും ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനിലുണ്ട്. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങുമെന്നാണ് കരുതുന്നത്. ഗില്‍ കഴിഞ്ഞ ദിവസം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചിരുന്നു.