ഹൈദരാബാദ്: തെലങ്കാനയിൽ ചൽപകയിലെ ഉൾക്കാട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബാദ്രു എന്നറിയപ്പെടുന്ന മാവോയിസ്റ്റ് സെക്രട്ടറിയും കൊല്ലപ്പെട്ടവരിൽ ജൾപ്പെടുന്നു. മാവോയിസ്റ്റുകളിൽ നിന്ന് എ.കെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നവംബർ 22ന് സമാനമായ എൻകൗണ്ടർ ഛത്തീസ്ഗഢിലെ സുഖ്മയിൽ ഉണ്ടായിരുന്നു. അന്ന് 10 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഛത്തീസഗഢിലുണ്ടായ തിരിച്ചടിക്ക് മാവോയിസ്റ്റുകൾ തെലങ്കാനയിൽ മറുപടി നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്.
നേരത്തെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.മാവോയിസ്റ്റ് മിലിറ്ററി ഓപറേഷൻസ് മേധാവിയാണ് വിക്രം ഗൗഡയെന്നാണ് പൊലീസ് പറയുന്നത്. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉടുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു.
കർണാടക പൊലീസും ആന്റി നക്‌സൽ ഫോഴ്‌സും ഹിബ്രി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. അഞ്ചു മാവോയിസ്റ്റുകളാണു സ്ഥലത്തുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ കരുളായി ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.