തെലങ്കാന: തെലങ്കാനയിലെ ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ 150 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നികേഷ് കുമാറിന്റെ വസതിയിലും മറ്റ് 30 സ്ഥലങ്ങളിലും നടത്തിയ റെയ്ഡിലാണ് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ 150 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്.
കുമാറിന്റെ സ്വത്ത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചത്. കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിഭൂമി, വാസയോഗ്യമായ പ്ലോട്ടുകള്‍, ഫ്ളാറ്റുകള്‍, വില്ലകള്‍ തുടങ്ങി നിരവധി സ്വത്തുക്കളും ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റിന് പുറമേ ബാങ്ക് ലോക്കറുകളും സ്ഥിര നിക്ഷേപ രസീതുകളും റെയ്ഡില്‍ കണ്ടെത്തി. തിരച്ചില്‍ തുടരുകയാണ്, കണ്ടെത്തിയ സ്വത്തുക്കളുടെ മുഴുവന്‍ മൂല്യവും എസിബി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് തുടരുകയാണ്.