ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം ചൈനയില്‍ കണ്ടെത്തി. 83 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് സെന്‍ട്രല്‍ ചൈനയില്‍ കണ്ടെത്തിയത്.
ഏകദേശം 1,000 മെട്രിക് ടണ്‍ ഉയര്‍ന്ന ഗുണമേന്മയുള്ള സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 900 മെട്രിക് ടണ്‍ സ്വര്‍ണം കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ ഇതോടെ ചൈന മറികടന്നിരിക്കുകയാണ്.
പിംഗ്ജിയാങ് കൗണ്ടിയിലാണ് ഈ വന്‍ സ്വര്‍ണനിക്ഷേപം സ്ഥിതി ചെയ്യുന്നതെന്ന് ഹുനാന്‍ പ്രവിശ്യയിലെ ജിയോളജിക്കല്‍ ബ്യൂറോ പ്രഖ്യാപിച്ചു, ജിയോളജിസ്റ്റുകള്‍ 2 കിലോമീറ്റര്‍ വരെ ആഴത്തില്‍ 40 സ്വര്‍ണ്ണ സിരകള്‍ ഇവിടെ കണ്ടെത്തി.
ഈ സിരകളില്‍ മാത്രം ഏകദേശം 300 മെട്രിക് ടണ്‍ സ്വര്‍ണം അടങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അധിക കരുതല്‍ ശേഖരം ഇതിലും വലിയ ആഴത്തില്‍, ഒരുപക്ഷേ 3 കിലോമീറ്റര്‍ വരെ ഉണ്ടായേക്കാമെന്നാണ് നിഗമനം. ഓരോ മെട്രിക് ടണ്‍ അയിരില്‍ നിന്നും 138 ഗ്രാം വരെ സ്വര്‍ണം ലഭിക്കുമെന്ന് കോര്‍ സാമ്പിളുകള്‍ സൂചിപ്പിക്കുന്നു.
ഭൂഗർഭ ഖനികളിൽ നിന്നുള്ള അയിരിൽ 8 ഗ്രാമിൽ കൂടുതൽ സ്വർണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന നിലവാരമുള്ളതായി കണക്കാക്കും.
വലിയ തോതിൽ സ്വർണശേഖരം കണ്ടെത്തിയത് ചൈനയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2024ൽ 2,000 ടണ്ണിലധികം കരുതൽ ശേഖരം ഉള്ള ചൈനയ്ക്ക് ഇപ്പോൾ തന്നെ ലോകത്തിലെ സ്വർണ വിപണിയിൽ ആധിപത്യമുണ്ട്.
ലോകത്ത് സ്വർണ ഉത്പാദന രാജ്യങ്ങളിൽ മുന്നിലാണ് ചൈന. ഇപ്പോൾ തന്നെ ആകെ ഉത്പാദനത്തിന്റെ 10 ശതമാനം ചൈനയിൽ നിന്നാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന സ്വർണം ഇറക്കുമതി ചെയ്യുന്നുമുണ്ട്.