ദില്ലി: ബംഗ്ലാദേശിലെ സന്ന്യാസിമാർക്കെതിരായ നടപടിയിൽ ദില്ലിയിൽ പ്രതിഷേധവുമായി ഇസ്കോൺ. ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങൾക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി വിശദമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും, അവര്‍ ശക്തമായ ഇടപെടൽ നടത്തുമെന്നാണ് കരുതുന്നതെന്നും ഇസ്കോൺ ദില്ലി മേഖലയുടെ ഭാരവാഹിയും മലയാളിയുമായ ഋഷികുമാരദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങളുടെ കയ്യിലുള്ളത് പ്രാര്‍ത്ഥന മാത്രമാണ്. ഇസ്കോണിന്റെ എഴുന്നൂറിലധികം കേന്ദ്രങ്ങളിൽ പ്രാര്‍ത്ഥനകൾ സംഘടിപ്പിക്കും. മതപരമായ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സന്ന്യാസി ചിൻമയി കൃഷ്ണ ദാസിന്‍റെ അറസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ
ബംഗ്ലാദേശിൽ വീണ്ടും ഒരു സന്യാസികൂടി അറസ്റ്റിലായി. ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെ ചിറ്റഗോങ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇസ്കോൺ കൊൽക്കത്ത ഉപാധ്യക്ഷൻ ആണ് ഇക്കാര്യം അറിയിച്ചത്. വാറണ്ട് പോലുമില്ലാതെയാണ് ശ്യാം ദാസ് പ്രഭുവിന്‍റെ അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ബംഗ്ലാദേശിൽ കൂടുതൽ ക്ഷേത്രങ്ങൾക്ക് നേരെ അക്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. ചട്ഗാവിലാണ് ക്ഷേത്രങ്ങൾക്കു നേരെ അക്രമം നടന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്കോണിൽ അംഗമായിരുന്ന ചിൻമയി കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റു ചെയ്തത് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലെ ബന്ധം വഷളാക്കിയിരിക്കുമ്പോഴാണ് കൂടുതൽ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത്. ശാന്തനേശ്വരി, കാളി, ശനി ക്ഷേത്രങ്ങൾക്കു നേരെയാണ് ചട്ഗാവിൽ അക്രമം നടന്നത്. വലിയ ജനക്കൂട്ടം എത്തിയാണ് അക്രമം നടത്തിയതെന്നാണ് വിവരം.
ശനി ക്ഷേത്രത്തിന് കേടുപാട് പറ്റിയെന്നും മറ്റു ക്ഷേത്രങ്ങളുടെ ഗേറ്റുകൾ തകർന്നെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലുണ്ടായിരുന്നവർക്കും വെളളിയാഴ്ച നമസ്ക്കാരത്തിനു ശേഷം അക്രമം നടത്താൻ എത്തിയവർക്കും ഇടയിൽ കല്ലേറുണ്ടായതായും പൊലീസ് അറിയിച്ചു. മേഖലയിൽ തത്കാലം സ്ഥിതി ശാന്തമാണ്. ഹിന്ദുക്കൾക്ക് സംരക്ഷണം നൽകാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് ബാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു.
കൊൽക്കത്തയിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് നേരെ നടന്ന അക്രമം ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് തിരിച്ചടിച്ചത്. ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ ഡെപ്യൂട്ടി ഹൈക്കമമീഷനു മുന്നിൽ ബംഗ്ലാദേശ് പതാക കത്തിച്ചെന്നും ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മൊഹമ്മദ് യൂനുസിന്‍റെ കോലം കത്തിച്ചെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തർക്കം തുടരുമ്പോൾ ഉന്നതതലത്തിലെ ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്നാണ് വിദേശകാര്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.