ഡല്‍ഹി: തനിക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് ഉയര്‍ത്തിയ വഞ്ചന ആരോപണങ്ങളോടും കുറ്റപത്രത്തോടും പ്രതികരിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.
തന്റെ കമ്പനി മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ഓരോ ആക്രമണവും ഞങ്ങളെ ശക്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജിയിലെ പാലിക്കല്‍ സമ്പ്രദായങ്ങളെക്കുറിച്ച് യുഎസില്‍ നിന്ന് ഒരു കൂട്ടം ആരോപണങ്ങള്‍ ഞങ്ങള്‍ നേരിട്ടു. ഇതാദ്യമായല്ല ഞങ്ങള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത്.
എനിക്ക് നിങ്ങളോട് പറയാന്‍ കഴിയുന്നത് ഓരോ ആക്രമണവും നമ്മെ കൂടുതല്‍ ശക്തരാക്കുന്നുവെന്നാണ്. ഓരോ തടസ്സവും കൂടുതല്‍ പ്രതിരോധശേഷിയുള്ള അദാനി ഗ്രൂപ്പിന്റെ ചവിട്ടുപടിയായി മാറുമെന്നും ജയ്പൂരില്‍ നടന്ന 51-ാമത് ജെംസ് ആന്‍ഡ് ജ്വല്ലറി അവാര്‍ഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദാനി പറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രധാന എക്സിക്യൂട്ടീവുമാരായ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ആണ് ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റപത്രവും സിവില്‍ പരാതിയും ഫയല്‍ ചെയ്തത്.