ആന ഭരതനാട്യം കളിക്കുമോ? വീഡിയോ ഷെയർ ചെയ്യും മുമ്പ് സത്യമറിയണം, വ്യക്തമാക്കി ഐഎഫ്‍എസ് ഓഫീസർ
ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മിക്കവാറും ആളുകൾ അതിലെ സത്യമറിയാതെ തന്നെ അത് ഷെയർ ചെയ്യാറുമുണ്ട്. അങ്ങനെ തെറ്റിദ്ധാരണകൾ എല്ലായിടത്തും പ്രചരിക്കപ്പെടും. അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഇത് വെറും തെറ്റിദ്ധാരണയാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് ഒരു ഐഎഫ്എസ് ഓഫീസർ.
‘ആന യുവതികൾക്കൊപ്പം നൃത്തം വയ്ക്കുന്നു’ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഭൂമിക മഹേശ്വരി എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവതികൾ ഭരതനാട്യത്തിന്റെ ചുവടുകൾ വയ്ക്കുന്നതാണ്. ഇവർക്ക് പിന്നിലായി ഒരു ആനയെ കാണാം. പിന്നീട് കാണുന്നത് ആന താളത്തിൽ തുമ്പിക്കൈ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നതാണ്.
വീഡിയോയിൽ, ‘രണ്ട് പെൺകുട്ടികൾ ഭരതനാട്യം കളിക്കുന്നു, പെട്ടെന്ന് ഒരു ആന അവർക്കൊപ്പം ചേരുന്നു. അവരുടെ ചലനങ്ങൾക്കൊപ്പം ചലിക്കുന്നു’ എന്ന് എഴുതിയിട്ടുണ്ട്. വീഡിയോ കാണുമ്പോൾ ഒരാൾക്ക് അത് ശരിയാണല്ലോ എന്ന് തോന്നുകയും ചെയ്യാം. എന്നാൽ, ഐഎഫ്‍എസ് ഓഫീസറായ പർവീൺ കസ്‍വാൻ അത് അങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ടാണ് ആ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്ന ആന നൃത്തത്തിനൊപ്പം ചേരുകയല്ല. മറിച്ച് ആനയ്ക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട് എന്നും അതിന്റെ തെളിവാണ് ആനയുടെ ചലനങ്ങളെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് ആനയ്ക്ക് സമ്മർദ്ദം (സ്ട്രെസ്സ്) ഉള്ളതിന്റെ അടയാളമാണ് എന്നും അല്ലാതെ നൃത്തമല്ല എന്നും അദ്ദേഹം പറയുന്നു.
That elephant is stressed. It is not sign of dancing but stress. https://t.co/XdviJYkZ2q
— Parveen Kaswan, IFS (@ParveenKaswan) November 27, 2024
അതിന് മറ്റൊരു ഉദാഹരണം എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ കൂടി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിൽ പറയുന്നത്, ‘ഇതാ മറ്റൊരു ഉദാഹരണം. ഈ പെൺ ആനയെ ഞാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് പകർത്തിയതാണ്. അവൾ പ്രസവിച്ചു, ഞങ്ങളുടെ സാന്നിധ്യം അവളിൽ സമ്മർദ്ദമുണ്ടാക്കി. നമുക്ക് മൃഗങ്ങളെ മനുഷ്യരാക്കേണ്ടതില്ല. അവർക്ക് അവരുടേതായ ജീവിതരീതിയും പ്രകടിപ്പിക്കുന്ന രീതികളുമുണ്ട്’ എന്നാണ്.
ഈ വീഡിയോയിലും ആന മേൽപ്പറഞ്ഞ വീഡിയോയിലേതുപോലെ തുമ്പിക്കൈ ആട്ടുന്നത് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ‘ഇതുവരെയും സമ്മർദ്ദം കൊണ്ടാണ് ആന അങ്ങനെ പെരുമാറുന്നത് എന്ന് മനസിലായിട്ടില്ലായിരുന്നു, വ്യക്തമാക്കിയതിന് നന്ദി’ എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.