ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍: ഒരേസമയം എത്ര ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കാം? വിശദീകരിച്ച് ഐഎസ്ആര്‍ഒ

ബെംഗളൂരു: ബഹിരാകാശത്ത് ഇന്ത്യക്കും സ്വന്തമായൊരു താവളം ഒരുങ്ങുകയാണ്. 2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയമാണ് ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ (Bharatiya Antariksha Station). ഐഎസ്ആര്‍ഒ ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി വിഭാവനം ചെയ്യുന്ന തദ്ദേശീയമായ ബഹിരാകാശ നിലയത്തില്‍ എത്ര സഞ്ചാരികള്‍ക്ക് ഒരേസമയം തങ്ങാന്‍ കഴിയും? 

ഭാരതീയ അന്തരീക്ഷ സ്റ്റേഷനില്‍ (BAS) പ്രാരംഭ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് ഒരേസമയം തങ്ങാനാവുക. നിലയത്തിന് ഉള്‍ക്കൊള്ളാവുന്ന ക്രൂവിന്‍റെ എണ്ണം ആറായി പിന്നീട് വര്‍ധിപ്പിക്കും എന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്‍ററില്‍ നടന്ന കന്നഡ ടെക്‌നിക്കല്‍ സെമിനാറിലാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രൊ പുറത്തുവിട്ടത്. ബഹിരാകാശത്ത് സുസ്ഥിരമായ വാസസ്ഥലം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യം സെമിനാറില്‍ ഐഎസ്ആര്‍ഒ ചൂണ്ടിക്കാണിച്ചു. 

നാസയടക്കമുള്ള ബഹിരാകാശ ഭീമന്‍മാര്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിനും ചൈനീസ് ബഹിരാകാശ നിലയത്തിനും കെട്ടിലും മട്ടിലും വെല്ലുവിളിയാവുന്ന ബഹിരാകാശ നിലയം സൃഷ്ടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 
ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ ബാസ്-1 എന്ന ആദ്യ മൊഡ്യൂള്‍ 2028ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും എന്നാണ് സൂചന. 52 ടണ്ണോളം ഭാരമുള്ള മൊഡ്യൂള്‍-1ല്‍ ലൈഫ്-സപ്പോര്‍ട്ട് സംവിധാനങ്ങളും ക്രൂവിന് താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും. ആളില്ലാതെ വിക്ഷേപിക്കുന്ന ഈ മൊഡ്യൂള്‍ പരീക്ഷണഘട്ടത്തിന് ശേഷം മനുഷ്യവാസത്തിന് ഉപയോഗിക്കും. 

ഇന്ത്യ തദ്ദേശീയമായി ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളിലുമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇന്ത്യന്‍ ഓര്‍ബിറ്റല്‍ സ്പേസ് സ്റ്റേഷന്‍ പരിക്രമണം ചെയ്യുക. അമേരിക്കയും ചൈനയും ബഹിരാകാശ രംഗത്ത് ശക്തമായ മത്സരം കാഴ്‌ചവെക്കുമ്പോള്‍ സ്വന്തം ബഹിരാകാശ നിലയം ഇന്ത്യക്കും ആഗോളതലത്തില്‍ കരുത്താകും. ടൂറിസം സാധ്യതകളും ബഹിരാകാശ രംഗത്ത് അനുദിനം വര്‍ധിച്ചുവരികയാണ്. 

Read more: ആകെ 5 ഭാഗം, ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍ 2035ല്‍ പൂര്‍ണസജ്ജം; ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin