ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെംഗല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയോടെ പുതുച്ചേരിയുടെയും തമിഴ്നാട്ടിന്റെയും തീരപ്രദേശങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ആഘാതം മൂലം പല തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
‘ഫെംഗല്‍’ എന്ന പേര് ‘ദുഃഖം’ എന്നര്‍ത്ഥമുള്ള അറബി പദമാണ്. ഈ പേര് സൗദി അറേബ്യ നിര്‍ദ്ദേശിക്കുകയും ലോക കാലാവസ്ഥാ സംഘടന അംഗീകരിക്കുകയും ചെയ്തതാണ്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 60-70 കി.മീ മുതല്‍ 90 കി.മീ വരെയാകാം. കടലില്‍ തിരമാലകള്‍ ഉയരാനും തീരപ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്.
പുതുച്ചേരിയിലും ചെന്നൈയിലും കനത്ത മഴയാണ്. പലയിടത്തും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പുതുച്ചേരി, ചെന്നൈ ബീച്ചുകളില്‍ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിക്കുന്നു.
ചെന്നൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത് ജനജീവിതത്തെ ബാധിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ റൂട്ടുകള്‍ മാറ്റുകയോ ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമായി.
164 കുടുംബങ്ങളിലെ 471 പേരെ ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
Cyclonic storm #Fengal likely to make a landfall between Karaikal and Mahabalipuram near Puducherry today; Puducherry and Tamil Nadu brace for heavy #rainfall🌧️ as storm approaches. pic.twitter.com/zcqNGpUeBb
— All India Radio News (@airnewsalerts) November 30, 2024