കുതിപ്പ് തുടരുന്നു, വിഴിഞ്ഞം ഏഷ്യ – യൂറോപ്പ് സ്ഥിരം ചരക്ക് പാതയിൽ; എംഎസ്‍‍സിയുടെ കപ്പലുകൾ ഇനി സ്ഥിരമായി എത്തും

തിരുവനന്തപുരം: ലോകത്തെ വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേയും ഉൾപ്പെടുത്തി. എം എസ് സി യുടെ കപ്പലുകൾ ഇനി സ്ഥിരമായി വിഴിഞ്ഞത്ത് വന്ന് പോകും. ഒന്നാം ഘട്ട കമ്മീഷനിംഗിലേക്ക് അടുക്കുന്ന വിഴിഞ്ഞത്തിന് അന്താരാഷ്ട്ര ചരക്ക് വിനിമയ മേഖലയിൽ വൻ സാധ്യതകളാണ് ഇതോടെ തുറന്ന് കിട്ടുന്നത്.

ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് നീളുന്ന കപ്പൽ പാതയിൽ സൗകര്യം ഏറെയുള്ള തുറമുഖമെന്ന പരിഗണനയാണ് വിഴിഞ്ഞത്തിന് കിട്ടിയത്. ലോകത്തെ തന്നെ വൻകിട കപ്പൽ കമ്പനികളിൽ ഒന്നായ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയാണ് സ്ഥിരം തുറമുഖമെന്ന പരിഗണന വിഴിഞ്ഞത്തിന് നൽകിയത്. പ്രത്യേക അനുമതികൾക്ക് കാത്ത് നിൽക്കാതെ കപ്പലുകൾക്ക്  വിഴിഞ്ഞത്തെത്തി നങ്കൂരം ഇടാം. സ്ഥിരം കപ്പലെത്തുന്നതോടെ ഏഷ്യാ – യൂറോപ്പ് പാതയിൽ ചരക്കു നീക്കത്തിനുള്ള കൂടുതൽ സാധ്യതകളും ഇതോടെ തുറന്ന് കിട്ടുകയാണ്. 

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് പിന്നാലെ വൻകിട കപ്പൽ കമ്പനികളിൽ പലരും ബിസിനസ് താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര്‍ പറയുന്നത്. ഡിസംബറിൽ ആദ്യ ഘട്ട കമ്മീഷനിംഗ് നടക്കും. പ്രധാനമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് തീയതി അടക്കമുള്ള കാര്യങ്ങളിൽ ധാരണയിലെത്താൻ വിസിലിന്‍റെ യോഗം അടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്. നാലു ഘട്ടങ്ങളും പൂര്‍ത്തിയാക്കി 2028 ൽ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനുള്ള കരാറിൽ കഴിഞ്ഞ ദിവസം അദാനി പോര്‍ട്ട് അധികൃതരും സര്‍ക്കാരും ഒപ്പുവച്ചിരുന്നു. 

350 കോടി ചെലവിൽ റോബോ ലോകം; കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശൂരിൽ, ധാരണാപത്രം ഒപ്പിട്ടു
 

By admin