കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. പശു തിരിച്ചുവന്നിരുന്നു.
ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വനമേഖലയിലേക്ക് ഇവർ പശുവിനെയും തിരഞ്ഞ് പോവുകയായിരുന്നു. വനപാലകരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ മൊബൈൽ ഫോണിൽ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
കാട്ടിനകത്തേക്ക് പോയ സംഘം പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽപ്പെട്ടുവെന്നും, പേടിച്ച് ചിതറിയോടിയെന്നും മായ ഭർത്താവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. മായയുടെ കൈയിലാണ് ഫോണുള്ളത്. ഈ മൊബൈലിൽ 4:15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും ഒരു കുപ്പി വെള്ളം കൊണ്ടുവരണമെന്നും ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നു.