കിണറ്റിൽ വീണ നായയെ രക്ഷിക്കാനിറങ്ങി 25 അടി താഴ്ചയിൽ അകപ്പെട്ട് വയോധികൻ; ഫയർഫോഴ്സെത്തി രക്ഷിച്ചു

തിരുവനന്തപുരം: സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാനിറങ്ങിയ വയോധികൻ കിണറിനുള്ളിൽ അകപ്പെട്ടു. തളർന്ന് അവശനായ വയോധികനെ വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ രക്ഷിച്ചു. വിഴിഞ്ഞം മുക്കോല നെല്ലിവിള നെല്ലിയിൽ തങ്കപ്പനെ (72) യാണ് രക്ഷപ്പെടുത്തിയത്. 

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. കിണറിന്‍റെ കൈവരിയിൽ നിന്ന് നായ കിണറ്റിൽ വീണത് കണ്ട തങ്കപ്പൻ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ കിണറ്റിലിറങ്ങി. കയർ ഉപയോഗിച്ച് നായയെ രക്ഷിച്ച് കരയിൽ കയറ്റിയെങ്കിലും തങ്കപ്പന് തിരികെ കയറാനായില്ല. നാട്ടുകാർ ഇട്ടു കൊടുത്ത വടത്തിൽ തൂങ്ങി മുകളിലേക്ക് കയറാൻ ശ്രമം നടത്തുന്നതിനിടയിൽ കിണറിന്‍റെ കൈവരിക്ക് ബലക്ഷയമുണ്ടായി. 

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായതോടെ നാട്ടുകാർ വിഴിഞ്ഞം ഫയർഫോഴ്സിന്‍റെ സഹായം തേടി.  സ്‌റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസിസ്റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ ബിജു, ഷിജു, സനൽകുമാർ, വിജയകുമാർ, ഹരികൃഷ്ണൻ, ഡ്രൈവർ ബിജു, ഹോം ഗാർഡുമാരായ സ്റ്റീഫൻ, സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം നെറ്റ് ഉപയോഗിച്ച് വയോധികനെ പുറത്തെടുത്തു. അവശ നിലയിലായതിനാൽ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകെ 74 എണ്ണം, ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും പെരുമ്പാവൂരിലെ ‘ജനനി’ ഫ്ലാറ്റിൽ താമസിക്കാൻ ആരുമെത്തിയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin