ഡല്‍ഹി: രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റും നിയന്ത്രണവും പരിഷ്‌കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വഖഫ് ഭേദഗതി ബില്‍ 2025 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ബില്‍ അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തിയ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി)ക്കുള്ളിലെ ചര്‍ച്ചകളും തടസ്സങ്ങളും കാരണമാണ് ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് മാറ്റുന്നത്.
ജെപിസിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ സമിതി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാലിന്റെ കീഴിലുള്ള പ്രമേയം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരിഗണനയ്ക്കായി കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. വെല്ലുവിളികള്‍ക്കിടയിലും ചെയര്‍മാന്‍ ജഗദാംബിക പാല്‍ 500 പേജുള്ള കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസംഗത്തിനിടെ വഖഫ് നിയമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇത് ഭരണഘടനാ ശില്പിയായ ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തതല്ലെന്നും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിയമം നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രീണന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയതെന്നും വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.