തിരുവനന്തപുരം:   മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെതര്‍ സോഫ്റ്റ് ഇന്‍ഫോ സൊലൂഷന്‍സിനെ ഏറ്റെടുത്ത് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ബയോ ഡോട്ട് എഐ. ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ക്ക് എഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് തിങ്ക് ബയോ.
സോഫ്റ്റ് വെയര്‍, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫെതര്‍ സോഫ്റ്റ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
എ.ഐ, ബയോടെക്‌നോളജി രംഗത്ത് ആയിരത്തിലധികം തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് നിക്ഷേപ പദ്ധതി. എന്നാല്‍, ഏറ്റെടുക്കല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. 350-ല്‍ അധികം സ്‌കില്‍ഡ് പ്രൊഫഷണല്‍സുള്ള ഫെതര്‍ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിങ്ങിലും സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്ങിലുമുള്ള വൈദഗ്ദ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും.
നവീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, മരുന്ന് ഗവേഷണ രംഗത്തെ പരിവര്‍ത്തനം എന്നിവ ഏറ്റെടുക്കലിന്റെ ലക്ഷ്യമാണ്. ഏറ്റെടുക്കല്‍ തിങ്ക്ബയോയുടെ സേവനങ്ങള്‍ വിപുലീകരിക്കാനും പ്ലാറ്റ്ഫോം-നിര്‍മ്മാണ ശേഷി ശക്തിപ്പെടുത്താനും ലൈഫ് സയന്‍സ് രംഗത്ത് ക്ലയന്റുകള്‍ക്ക് മികച്ച സേവനം നല്‍കാനും പ്രാപ്തമാക്കും.
ബയോ സയന്‍സിലും ലൈഫ് സയന്‍സിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്ടിക്കുവാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവയ്പാണിതെന്ന് തിങ്ക് ബയോ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള സാങ്കേതിക രംഗത്ത് വര്‍ദ്ധിച്ചുവരുന്ന പ്രധാന്യമാണ് ഈ ഏറ്റെടുക്കല്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ എന്നിവയില്‍  നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക് ബയോയുടെ കാഴ്ച്ചപാടിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫെതര്‍സോഫ്റ്റ് സി.ഇഒ ജോര്‍ജ്ജ് വര്‍ഗീസും സ്ഥാപകന്‍ സുധീഷ് ചന്ദ്രനും പറഞ്ഞു.
പുതിയ പങ്കാളിത്തത്തിലൂടെ രോഗീ പരിചരണത്തിലും മെഡിക്കൽ സാങ്കേതിക മേഖലയിലും പരിവര്‍ത്തനം സൃഷ്ടിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *