പത്തനംതിട്ട: വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോല്‍സവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും വിശേഷാല്‍ പൂജകള്‍ നടന്നു.
ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ നടന്നപ്പോള്‍ കോന്നി കല്ലേലിക്കാവില്‍ 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചന്‍കോവില്‍ നദിയില്‍ ആറ്റു വിളക്ക് തെളിയിക്കലും നടന്നു.
വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ടു ദിനം ആണ് മധ്യ തിരുവിതാംകൂറില്‍ ഭക്തര്‍ വ്രതം നോക്കുന്നത്. ഓണാട്ടുകരയില്‍ ഓച്ചിറയില്‍ പര്‍ണ്ണശാലയില്‍ ആണ് ഭക്തര്‍ വ്രതം നോറ്റത്.
18 മലകള്‍ ഉള്ള ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ അര്‍പ്പിച്ചു. 999 മലകള്‍ക്ക് മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 തൃപ്പടികളില്‍ തേക്കില നാക്ക് നീട്ടിയിട്ട്‌ അതില്‍ ചുട്ട കാര്‍ഷിക വിളകളും, വറപൊടിയും മുള അരിയും അവലും മലരും പൂജാ വിധികളും വെച്ചു മന വിളക്ക്, കളരി വിളക്ക്, നട വിളക്ക് തെളിയിച്ചു പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും പ്രകൃതി സംരക്ഷണത്തിനും മാനവ കുലത്തിനും വേണ്ടി ഊരാളി മല വിളിച്ചു ചൊല്ലി.
തുടര്‍ന്ന് അച്ചന്‍ കോവില്‍ നദിയിലെ ജീവ ജാലങ്ങളെ ഉണര്‍ത്തിച്ചു ദീപ നാളങ്ങള്‍ കാഴ്ച വെച്ചു. കിഴക്കന്‍ പൂങ്കാവനത്തെയും കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള കരകളെ ഉണര്‍ത്തിച്ചു. പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed