കൊച്ചി: നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തുനന്ത്.
പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
സിനിമാ നിർമാണ കമ്പനികളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നതെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
ഇന്ന് ഉച്ചയോടു കൂടി ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. സാമ്പത്തിക ഇടപാടുകളുടെ മറവിൽ പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാട് നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.