മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ തന്നെ തിരഞ്ഞെടുക്കപ്പെടണമെന്നാണ് മറാത്താ സമുദായം ആഗ്രഹിക്കുന്നതെന്ന് ശിവസേന വക്താവ് ശീതള്‍ മാത്രെ രംഗത്ത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരുന്നതാണ് അഭിലഷണീയമെന്ന് ശീതള്‍ മാത്രെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
288 അംഗ നിയമസഭയില്‍ 230 സീറ്റുകള്‍ നേടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വന്‍ വിജയം കരസ്ഥമാക്കിയെങ്കിലും, അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ ഭരണകക്ഷി നേതാക്കള്‍ക്കിടയില്‍ തീരുമാനം ഉണ്ടായിട്ടില്ല.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന മറാത്താ സമുദായത്തിന് പത്ത് ശതമാനം സംവരണം നല്‍കുകയും അണ്ണാസാഹേബ് പാട്ടീല്‍, സാരഥി കോര്‍പ്പറേഷനുകള്‍ എന്നിവയിലൂടെ സമുദായത്തെ സഹായിക്കുകയും ചെയ്തതിനാല്‍ സമുദായം തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് ഒപ്പം നിന്നെന്നും അവര്‍ അവകാശപ്പെട്ടു.