ബിജെപി കൗണ്‍സിലര്‍മാരെ കണ്ട് ശ്രീകണ്ഠൻ പനിക്കേണ്ടെന്ന് ശിവരാജൻ; പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങള്‍ക്ക് മുന്നിൽ കൗണ്‍സിലര്‍മാര്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന നേതൃത്വം നൽകിയത്. ഇതിനിടെ, അതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വികെ ശ്രീകണ്ഠൻ എംപിയെ പരിഹസിച്ച് ബിജെപി നേതാവ് എൻ ശിവരാജൻ രംഗത്തെത്തി. 
ബി ജെ പി കൗൺസിലർമാരെ പ്രതീക്ഷിച്ച് ശ്രീകണ്ഠൻ പനിക്കേണ്ടെന്ന് എൻ ശിവരാജൻ പറഞ്ഞു. ആര്‍എസ്എസ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബി ജെ പി കൗൺസിലർമാർ. ആര്‍എസ്എസുകാരെ സ്വീകരിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോയെന്നും ശിവരാജൻ ചോദിച്ചു. വേണമെങ്കില്‍ ശ്രീകണ്ഠനും ഡിസിസി പ്രസിഡന്‍റിനും ബിജെപിയിലേക്ക് സ്വാഗതമെന്നും ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ, ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന നിലപാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ ആവര്‍ത്തിച്ചു. ബിജെപി കൗണ്‍സിലര്‍മാരെ വീണ്ടും ക്ഷണിക്കുകയാണെന്നും കോണ്‍ഗ്രസ് ആശയം അംഗീകരിച്ചെത്തിയാൽ സ്വീകരിക്കാൻ തയ്യാറാണെന്നും എ തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് വന്നില്ലെങ്കിലും കോണ്‍ഗ്രസ് ശക്തമാണ്. ബിജെപിയിലെയും സിപിഎമ്മിലെയും ഭിന്നത കോണ്‍ഗ്രസിന് ഗുണം ചെയ്തു. കത്ത് വിവാദം ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

 

By admin