ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂര്‍ കൊട്ടാരത്തില്‍ സംഘര്‍ഷം.  സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി എം.എല്‍.എ വിശ്വരാജ് സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അമ്മാവന്‍ ശ്രീജി അരവിന്ദ് സിംഗ് മേവാര്‍ നിയന്ത്രിക്കുന്ന സിറ്റി പാലസിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ഈ മാസമാദ്യം പിതാവ് മഹേന്ദ്ര സിംഗ് മേവാറിന്റെ മരണത്തെത്തുടര്‍ന്ന് ചിറ്റോര്‍ഗഡ് കോട്ടയിലെ രാജകുടുംബത്തിന്റെ തലവനായി വിശ്വരാജ് സിംഗ് അഭിഷേകം ചെയ്യപ്പെട്ടിരുന്നു. മഹേന്ദ്ര സിംഗ് മേവാറും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അരവിന്ദ് സിംഗ് മേവാറും തമ്മിലുള്ള വളരെക്കാലമായുള്ള വഴക്കിനെ തുടര്‍ന്ന് കിരീടധാരണ ചടങ്ങിനിടെയും സംഘര്‍ഷം ഉണ്ടായിരുന്നു.
ആചാരങ്ങളുടെ ഭാഗമായി ഉദയ്പൂരിലെ കുലദൈവമായ ഏകലിങ്‌നാഥ് ക്ഷേത്രത്തിലും സിറ്റി കൊട്ടാരത്തിലും വിശ്വരാജ് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെ അമ്മാവന്‍ അനന്തിരവന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
പട്ടാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം വിശ്വരാജ് സിംഗ്, ആചാരങ്ങളുടെ ഭാഗമായി ഏകലിംഗ്‌നാഥ് ക്ഷേത്രത്തിലേക്കും സിറ്റി പാലസിലേക്കും പോയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. അവിടെ ബന്ധുവും അമ്മാവനുമായ ശ്രീജി അരവിന്ദ് സിംഗ് മേവാര്‍ അദ്ദേഹത്തെ തടയുകയായിരുന്നു.
സിറ്റി പാലസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയും വിശ്വരാജ് സിങ്ങിന്റെ അനുയായികള്‍ കൊട്ടാരത്തിന്റെ കവാടത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കല്ലേറുണ്ടാവുകയും ചെയ്തു.
സിറ്റി പാലസിന് പുറത്ത് വിശ്വരാജ് സിങ്ങിനെ അനുകൂലിക്കുന്നവര്‍ മുദ്രാവാക്യം വിളിച്ച് തടിച്ചുകൂടുന്നത് ഗ്രൗണ്ടില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം.
ഉദയ്പൂരിലെ ശ്രീ എക്ലിംഗ്ജി ട്രസ്റ്റിന്റെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അരവിന്ദ് സിംഗിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും കൊട്ടാരവും.
നവംബര്‍ 24 ന് ഞായറാഴ്ച വിശ്വരാജ് സിംഗ് ട്രസ്റ്റില്‍ അംഗമല്ലെന്നും സുരക്ഷാ കാരണങ്ങളാല്‍ അനധികൃത വ്യക്തികളെ തിങ്കളാഴ്ച കൊട്ടാരം മ്യൂസിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി സിറ്റി പാലസ് മാനേജിംഗ് ട്രസ്റ്റ് രണ്ട് പൊതു അറിയിപ്പുകള്‍ നല്‍കി.
ക്രമസമാധാന പ്രശ്നം മുന്‍കൂട്ടി കണ്ട് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സിറ്റി പാലസിന്റെ പുറത്തും സമീപ പ്രദേശങ്ങളിലും കനത്ത പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *