പാലക്കാട്: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനത്തില്‍ ആചരിക്കുന്ന ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പാലക്കാട് നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.
നവംബര്‍ 26 ന് പാലക്കാട് കല്ലേപ്പുള്ളിയിലുള്ള ക്ലബ് സിക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദേശീയ ക്ഷീരദിനാചരണം നടക്കുകയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറിയും ഐഎംജി തിരുവനന്തപുരം ഡയറക്ടറുമായ കെ ജയകുമാര്‍ വര്‍ഗീസ് കുര്യന്‍ സ്മാരക പ്രഭാഷണം നടത്തും. വി കെ ശ്രീകണ്ഠന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്, മേഖലാ ചെയര്‍മാന്‍മാരായ എം ടി ജയന്‍, മണി വിശ്വനാഥ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, മില്‍മ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ക്ഷീരമേഖലയുടെ അടുത്ത ഒരു ദശകത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതി അടുത്ത വര്‍ഷം ആദ്യം പ്രഖ്യാപിക്കുമെന്ന് കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കും.
ദേശീയ ക്ഷീരദിനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പത്തു രൂപ പ്രീമിയത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മില്‍മ മലബാര്‍ യൂണിയന്‍ പ്രഖ്യാപിച്ചു. എല്‍ഐസിയുമായി ചേര്‍ന്നു കൊണ്ടാണ് കര്‍ഷകര്‍ക്കായി സ്നേഹമിത്രം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മലബാര്‍ യൂണിയന്‍ നടപ്പാക്കുന്നത്. 
കര്‍ഷകര്‍ക്ക് 20,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പ്രീമിയം പത്ത് രൂപയും അഞ്ച് ലക്ഷത്തിന്റെ പ്രീമിയം 780 രൂപയുമാണ്. കര്‍ഷകര്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കും ഇതേ പ്രീമിയത്തില്‍ തന്നെ അംഗങ്ങളാകാവുന്നതാണ്.
20,000 രൂപയുടെ ഇന്‍ഷുറന്‍സില്‍ ആകെ പ്രീമിയമായ 51.92 രൂപയില്‍ 41.92 രൂപ മേഖലാ യൂണിയനാണ് വഹിക്കുന്നത്. കഴിഞ്ഞ കൊല്ലം 24 രൂപയായിരുന്നു കര്‍ഷകര്‍ അടയ്ക്കേണ്ടിയിരുന്നത്. കൂടിയ ഇന്‍ഷുറന്‍സ് തുക രണ്ട് ലക്ഷമായിരുന്ന ഇക്കുറി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
കേവലം 450 ക്ഷീരകര്‍ഷകരും 2,000 ലിറ്റര്‍ പാലുമായി പ്രവര്‍ത്തനമാരംഭിച്ച മില്‍മ ഇന്ന് പത്ത് ലക്ഷം ക്ഷീരകര്‍ഷകരും 12 ലക്ഷത്തിലധികം പാല്‍സംഭരണവുമായി പടര്‍ന്ന് പന്തലിച്ചുവെന്ന് കെ.എസ് മണി ചൂണ്ടിക്കാട്ടി. 
മൂല്യവര്‍ധിത-നൂതന ഉത്പന്നങ്ങളുമായി 4500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് മില്‍മയ്ക്കുള്ളത്. വില്‍പ്പന വിലയുടെ 83 ശതമാനവും കര്‍ഷകര്‍ക്ക് തന്നെ തിരികെ നല്‍കിയാണ് മില്‍മ മാതൃകയാകുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
മില്‍മ എംഡി ആസിഫ് കെ യൂസഫ്, മാനേജര്‍മാരായ ടി.ശ്രീകുമാര്‍ (പര്‍ച്ചേസ് ആന്‍ഡ് പി ആന്‍ഡ് ഐ), മുരുകന്‍ വി.എസ്. (ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *