റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍.രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്ത അമരന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. 
മുന്നൂറ് കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ ആണ് നേടിയത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാക്കിയ അമരന്‍ ഒക്ടോബര്‍ 31 ന് ആണ് തീയേറ്ററുകളില്‍ എത്തിയത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക് ചക്ര നല്‍കി ആദരിക്കപെട്ട മുകുന്ദ്, തമിഴ്നാട്ടില്‍ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്.
2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന്  അദ്ദേഹം മരണത്തിനു കീഴടങ്ങി.
മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങള്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തി. വാര്‍ത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *