മുംബൈ: തങ്ങളുടെ 160-ലധികം സ്ഥാനാര്‍ത്ഥികളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നും പിന്തുണ ലഭിച്ചുകൊണ്ടുള്ള കത്തുകള്‍ ശേഖരിച്ചതായി മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഈ സ്ഥാനാര്‍ത്ഥികള്‍ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.
160-ലധികം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച പിന്തുണാ കത്ത് ഫലപ്രഖ്യാപനത്തിന് ശേഷം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. എംവിഎ സ്ഥാനാര്‍ത്ഥികളെ കൂടാതെ, തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാവുന്ന ചില സ്വതന്ത്രരും വിമതരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
എംവിഎയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിന്റെ എന്‍സിപി (എസ്പി), കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് 101 സ്ഥാനാര്‍ത്ഥികളെയും ശിവസേന (യുബിടി) 95 ഉം എന്‍സിപി (എസ്പി) 86 സ്ഥാനാര്‍ത്ഥികളെയും തെരഞ്ഞെടുപ്പില്‍ നിര്‍ത്തി.
ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ ബിജെപി 149 നിയമസഭാ സീറ്റുകളിലും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന 81 സീറ്റുകളിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 59 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.