കോട്ടയം: ശബരിമലയില്‍ റോപ്പ് വേ നിര്‍മിക്കാന്‍ വേണ്ട വരുക 24 മാസം. ഇനി നിര്‍മാണം തുടങ്ങാന്‍ വേണ്ടത് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നു നിര്‍മണാ കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ ഏഴു ടവറുകള്‍ക്കു പകരം നിര്‍മിക്കുന്നത് 5 ടവറുകള്‍ മാത്രമാണ്. പദ്ധതിക്കായി  80 കൂറ്റന്‍ മരങ്ങള്‍ മുറിക്കേണ്ടിവരും.
പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നല്‍കിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ശബരിമലയില്‍ ഏറ്റെടുത്ത വനഭൂമിക്ക് പകരം കൊല്ലം പുനലൂര്‍ താലൂക്കിലാണ് റവന്യൂ ഭൂമി വിട്ടുനല്‍കിയത്. 14 വര്‍ഷം പഴക്കമുള്ള പദ്ധതിയാണ് യാഥാര്‍ഥ്യമാകാന്‍ കാത്തിരിപ്പ് തുടരുന്നത്.
മാളികപ്പുറത്തിനു പിന്നിലാകും റോപ്പ് വേയുടെ സന്നിധാനത്തെ സ്റ്റേഷന്‍ സ്ഥാപിക്കുക. 2.7 കിലോമീറ്റര്‍ കടന്ന് പമ്പ ഹില്‍ടോപ്പ് സ്റ്റേഷനിലാണ് മറ്റൊരു റോപ്പ് വേ. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ല്‍ ആഗോള കരാര്‍ വിളിക്കുകയും 2015 ല്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. 18 സ്റ്റെപ്പ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാര്‍ നേടിയത്.
വനനശീകരണം ചൂണ്ടിക്കാട്ടി പദ്ധതിയെ വനംവകുപ്പ് തുടക്കത്തില്‍ എതിര്‍ത്തു. ആദ്യ പദ്ധതി രേഖപ്രകാരം ഇരുനൂറിലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമായിരുന്നു. രണ്ട് സ്റ്റേഷനുകളും വനഭൂമിയിലായിരുന്നു എന്നതാണ് പ്രശ്‌നമായത്. എന്നാല്‍, പിന്നീട് രൂപ രേഖ മാറ്റിയതോടെ ശബരിമല റോപ്പ് വേ സ്വപ്നത്തിന് വീണ്ടും ജീവന്‍ വച്ചു.
ശബരിപാതയ്ക്ക് സമീപത്തു കൂടി പദ്ധതി മാറ്റിയപ്പോള്‍ മുറിക്കേണ്ട മരങ്ങള്‍ 80 ആയി കുറഞ്ഞത്. ഏഴ് ടവറുകള്‍ക്ക് പകരം അഞ്ച് ടവറുകളായി ചുരുക്കി. ആംബുലന്‍സ് കേബിള്‍ കാറുകള്‍ ഉള്‍പ്പെടെ 40 മുതല്‍ 60 കേബിള്‍ കാറുകള്‍ വരെയുണ്ടാകും. സാധനങ്ങളും രോഗികളെയും എത്തിക്കാന്‍ റോപ്പ് വേ വഴി പത്തുമിനിറ്റിൽ എത്താം.

By admin

Leave a Reply

Your email address will not be published. Required fields are marked *