വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ നയം തീരുമാനിക്കാന്‍ സഹായിക്കുന്ന ഏജന്‍സിയായ യു എസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്റ് ബജറ്റിന്റെ ഡയറക്ടറിനെ തിരഞ്ഞെടുത്തു.’പ്രോജക്റ്റ് 2025’ന്റെ പ്രധാന ആര്‍ക്കിടെക്റ്റായ റസ് വൗട്ടിനെയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്.
ട്രംപിന്റെ 2017- 2021 കാലയളവില്‍ ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്റ് ബജറ്റ് മേധാവിയായിരുന്ന വൗട്ട് ബജറ്റ് മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിക്കും.
ട്രംപ് സ്ഥാനമൊഴിഞ്ഞതു മുതല്‍ തയ്യാറാക്കിയ ട്രംപിന്റെ രണ്ടാം ടേമിനായുള്ള വിശദമായ നയ നിര്‍ദ്ദേശങ്ങളുടെ പരമ്പരയായ പ്രോജക്റ്റ് 2025ല്‍ വൗട്ട് ശക്തമായി ഇടപെട്ടിരുന്നു.
രാഷ്ട്രീയ നിയമിതരുടെ എണ്ണം വര്‍ധിപ്പിച്ചും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് മേല്‍ പ്രസിഡന്റിന്റെ അധികാരം വര്‍ധിപ്പിച്ചും പ്രസിഡന്‍ഷ്യല്‍ അധികാരത്തില്‍ വിശാലമായ വിപുലീകരണത്തിനായി പ്രോജക്റ്റ് 2025 ആവശ്യപ്പെടുന്നു. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കാനും അശ്ലീലം കുറ്റകരമാക്കാനും വിദ്യാഭ്യാസ വകുപ്പിനെ ഇല്ലാതാക്കാനും പദ്ധതി നിര്‍ദ്ദേശിക്കുന്നു.
റസ് വൗട്ട് വാഷിംഗ്ടണ്‍ ഡി സിയിലെ പൊതുനയത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൂടാതെ എല്ലാ ഏജന്‍സികളിലും അമേരിക്ക ഫസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ സഹായിക്കുന്ന ചെലവ് ചുരുക്കലിലെ പ്രധാനിയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.